വചനധ്യാന പരമ്പര | “മതിൽപണിയുടെ പുരോഗതി”

0 709

നെഹമ്യാവ് 4:6: “അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്വാാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു”.

മതിൽപണിയുടെ പുരോഗതിയിൽ അസന്തുഷ്ടരായ സൻബല്ലതും തോബിയാവും പരിഹാസവുമായി എത്തുന്നു (4:1-6), ഗൂഢാലോചനയിലൂടെ പണി തടസ്സപ്പെടുത്താൻ നീക്കം നടത്തുന്നു (4:7-12), സുരക്ഷാ സംവിധാനം അധികമായി ദൃഢമാക്കാപ്പെടുന്നു (4:13-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

പ്രവാസികൾ ഏകമനസ്സോടെ മതിൽ പണിയുവാൻ മുമ്പോട്ടു വന്നതു ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതും അതിനാൽ തന്നെ അവരിൽ നിരാശ പെരുകുവാനും കാരണമായി. സൻബല്ലത്തിന്റെ കോപവും രോക്ഷവും വലിയ നിന്ദയ്ക്ക് കാരണമായി ഭവിച്ചു. യഹൂദയുടെ മടങ്ങിവരവും ഉയർത്തെഴുന്നേൽപ്പും ഇനിയുമൊരിക്കലും സംഭവിക്കില്ലെന്ന അവരുടെ ധാരണയ്ക്ക് മതിൽ പണിയുടെ നിർവിഘ്‌നമായ പുരോഗതി കനത്ത ആഘാതം ഏൽപ്പിച്ചു.

“അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടു വീഴും” (4:3) എന്ന തോബിയാവിന്റെ വാക്കുകളിൽ മുഴച്ചു നിൽക്കുന്ന നിന്ദയുടെ ‘സാന്ദ്രത’ പ്രകടമാക്കുന്നത് ദൈവത്തോടുള്ള പരമമായ നിഷേധമായിട്ടാണ് ഞാൻ തിരിച്ചറിയുന്നത്! പക്ഷേ നിന്ദയുടെ വാക്കുകൾ പണിക്കാരുടെ ആത്മധൈര്യം വർദ്ധിതമാക്കുവാൻ മാത്രമേ ഉപകരിക്കപ്പെട്ടുള്ളൂ എന്നു (4:6) എന്ന പരാമർശമാണ് ഈ അദ്ധ്യായത്തിന്റെ വ്യത്യസ്തമായ കാതൽ പ്രമേയം! മതിലുകളുടെ അറ്റകുറ്റം തീരുന്നതും ഇടിവുകൾ അടയുന്നതും ശത്രുക്കളിൽ മഹാകോപം ജനിപ്പിച്ച ഘടകങ്ങളായി തീർന്നു (4:7).

നേരിട്ടുള്ള ഒരു ആക്രമണത്തിലൂടെ പണിക്കാരെ കൊന്നുകളയുവാനുള്ള ഗൂഢാലോചന (4:11) നെഹമ്യാവിനും കൂട്ടർക്കും ചോർന്നു കിട്ടിയെന്നറിഞ്ഞ ശത്രുക്കൾ അത്തരമൊരു ശ്രമത്തിൽ നിന്നും പിന്മാറുകയും (4:15) അതേസമയം നെഹെമ്യാവ്‌ സുരക്ഷയിൽ പുതിയ തന്ത്രവൈദഗ്‌ദ്ധ്യം പ്രായോഗിക തലത്തിലെത്തിച്ചു പണിയുടെ തുടർച്ച സാധിച്ചെടുക്കുകയും ചെയ്തു. രാപ്പകൽ ആയുധം ധരിച്ച യഹൂദാജനം പണിയുടെ ഒരിടത്തും പിന്നോക്കം പോയില്ല എന്ന വസ്തുത (4:21) നെഹമ്യാവിന്റെ നേതൃപാടവത്തിനു ചാർത്തപ്പെട്ട പൊൻതൂവലും ജനത്തിന്റെ ദൈവാശ്രയബോധത്തിന്റെ മാറ്റിക്കുറിയ്ക്കാനാവാത്ത തെളിവായും ചൂണ്ടിക്കാണിക്കട്ടെ! വലിയതും വിശാലവുമായ വേലയുടെ ആഹ്വാനം മുഴങ്ങിക്കേൾക്കുമ്പോൾ മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നതിലെ അനൗചിത്യം നെഹെമ്യാവ്‌ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും ചൂണ്ടിക്കാണിക്കുന്നു (4:18). ഭരമേല്പിക്കപ്പെട്ട വേലയുടെ തടസ്സപ്പെടൽ ശത്രുക്കളുടെ നിന്ദയാലോ ഗൂഢാലോചനയാലോ അക്രമണത്താൽ പോലുമോ സംഭവിക്കുവാനുള്ള സാധ്യതയേക്കാൾ ഏറെയാണ് തമ്മിൽ തമ്മിലുള്ള ചിതറിപ്പോകൽ നിമിത്തം സംഭവിക്കുന്നത് എന്നു വിശേഷാൽ ഓർക്കേണമേ!

പ്രിയരേ, മതിൽപ്പണിയുടെ പുരോഗമനം വെല്ലുവിളികളുടെ സ്വരം കടുപ്പിക്കുക തന്നെ ചെയ്യും. എന്നാൽ ഒന്നിച്ചുള്ള മുന്നേറ്റം തീർക്കുന്ന പ്രതിരോധം സമാനതകളില്ലാത്തതും ലക്ഷ്യപ്രാപ്തിയോളം എത്തിക്കുന്നതാണെന്നും അടിവരയിടട്ടെ!

You might also like
Comments
Loading...