വചനധ്യാന പരമ്പര | “വാതിലുകളുടെ കാവൽക്കാർ”

0 674

നെഹമ്യാവ് 7:2: “ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു”.

പണിതീർത്ത മതിലും വാതിൽ കാവലിനുള്ള പ്രത്യേക നിർദ്ദേശങ്ങളും (7:1-3), യെരുശലേമിൽ പാർപ്പിക്കപ്പെട്ട പ്രവാസികളുടെ കണക്കെടുപ്പ് (7:4-68), പിതൃഭവനത്തലവന്മാരുടെ ദാനങ്ങൾ (7:69-73) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഇ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

യെരുശലേമിന്റെ മതിൽ പണിതു വാതിലുകൾ ഘടിപ്പിച്ചു പട്ടണം സുരക്ഷിതമാക്കി. നെഹെമ്യാവ്‌ യെരുശലേമിലെത്തിയ ആദ്യ ദിവസങ്ങളിൽ താൻ നടത്തിയ പ്രഥമ വീക്ഷണത്തിൽ തന്നെ ചെയ്തു തീർക്കേണ്ട പണിയുടെ വ്യക്തമായ രൂപരേഖ തന്റെ മനസ്സിൽ പതിഞ്ഞിരുന്നു. അതനുസരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി തവണ നിർത്തിവയ്‌ക്കേണ്ട സ്ഥിതിവിശേഷങ്ങൾ സംജാതമായായപ്പോഴും ജനങ്ങളുടെ കർമ്മോത്സുകതയെ ആവോളം പരിപോഷിപ്പിച്ചു കേവലം അമ്പത്തിരണ്ടു നാളുകൾകൊണ്ട് വലിയ ഈ പണി തീർക്കുവാൻ നെഹമ്യാവിനായി. വാതിലുകൾക്കു കാവൽക്കാരെ നിയോഗിക്കുന്നതായിരുന്നു നെഹമ്യാവിന്റെ അടുത്ത ദൗത്യം.

“മറ്റു പലരേക്കാളും വിശ്വസ്തനും ദൈവഭക്തനുമായിരുന്ന” (7:2) ഹനാനിയെയും കോട്ടയുടെ അധിപനായിരുന്ന ഹനന്യാവിനെയും യെരുശലേമിന്റെ അധിപതികളായി നെഹെമ്യാവ്‌ നിയമിച്ചു. നെഹെമ്യാവിന്റെ ചാർച്ചയിൽ പെട്ട ഹനാനിയായിരുന്നല്ലോ യെരുശലേമിന്റെ പരിതാപകരമായ അവസ്ഥകൾ നെഹമ്യാവിനെ ധരിപ്പിച്ചതും (1:2) അതിന്റെ വെളിച്ചത്തിലായിരുന്നല്ലോ ഇങ്ങനെയോരു മുന്നേറ്റം സാധിതമായതും. വെയിൽ ഉറയ്ക്കുന്നതു വരെ യെരുശലേമിന്റെ വാതിൽ തുറക്കരുതെന്നും ഹനാനിയുടെയും ഹനന്യാവിന്റെയും സാന്നിധ്യത്തിൽ തന്നെ വൈകുന്നേരം വാതിൽ അടച്ചു അന്താഴം ഇടുവിക്കണമെന്നും കർശന നിർദ്ദേശം നെഹെമ്യാവ്‌ മുമ്പോട്ടു വച്ചു. മാത്രമല്ല യെരുശലേം നിവാസികളിൽ നിന്നും നിയമനം നടത്തി ഓരോരുത്തനു കാവൽ സ്ഥലങ്ങൾ നിർണ്ണയിക്കുകയും ഒപ്പം താന്താന്റെ വീടിന്റെ കാവൽ അവരവർ തന്നെ നിർവ്വഹിക്കേണമെന്നും ആജ്ഞ കൊടുത്തു (7:3). വിശാലമായ പട്ടണവും എന്നാൽ ചുരുക്കമായ ജനസാന്ദ്രതയും അതേസമയം ശത്രുക്കളുടെ ഒരു വലിയ ഭീഷണിയുമൊക്കെ ആയിരിക്കാം ഇത്തരമൊരു നിർദ്ദേശത്തിന്റെ പശ്ചാത്തലം. സ്വന്തമായി കാവൽ ചെയ്യുന്നതിനു തുല്യമാകുകയില്ല അപരന്റെ കാവൽ എന്ന ലളിതപാഠം ഇവിടെ അടിവരയിടപ്പെടുന്നു. ആത്മീക കാര്യങ്ങളിൽ സ്വന്തമായ താത്പര്യവും ഭൗതിക കാര്യങ്ങളിൽ തന്റേതായ ഉത്തരവാദിത്വവും പോലെ മറ്റൊന്നും പകരം വയ്ക്കുവാനാകില്ല എന്നു പഠിക്കുന്നതാണെനിക്കിഷ്ടം! ആരാനും ഏന്തിയ പരിചയ്ക്കു പിന്നിൽ നടന്നുനീങ്ങിയ ഗൊല്യാത്തിനെ എറിഞ്ഞു വീഴ്ത്തിയ ദാവീദ് ഇവിടെ സാന്ദർഭികമായി സ്മരിക്കപ്പെടുന്നു.

പ്രിയരേ, “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക” (വെളി. 3:11) എന്ന തിരുവെഴുത്തിന്റെ ആന്തരിക സത്തയും മേൽപ്പറയപ്പെട്ട വസ്തുതയുമായി കൃത്യമായ പൊരുത്തം പുലർത്തുന്നില്ലേ! ആകയാൽ ക്രിസ്തീയ ജീവിതത്തിന്റെ ജൈത്രയാത്ര വിശ്വസ്തതയിലും ദൈവഭക്തിയിലുമൂന്നി (7:2b) തന്നോടു തന്നെ താൻ പുലർത്തുന്ന നിശിതമായ കാവലാണെന്ന തത്വം നമ്മുടെ സമർപ്പണത്തെ കൂടുതൽ രൂഢമാക്കി മാറ്റും; തീർച്ച.

You might also like
Comments
Loading...