വചനധ്യാന പരമ്പര | “ന്യായപ്രമാണ പുസ്തകത്തിന്റെ വായന”

0 787

നെഹമ്യാവ് 8:11: “അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി”.

നീർവാതിൽക്കലെ ന്യായപ്രമാണവായന (8:1-8), ന്യായപ്രമാണത്തോടുള്ള ജനത്തിന്റെ പ്രതികരണം (8:9-13), കൂടാരപ്പെരുനാളിന്റെ ആചരണം (8:14-18) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

ആലയത്തിന്റെ പണി പൂർത്തീകരിക്കുകയും മതിലിന്റെ അറ്റകുറ്റം തീർക്കുകയും പ്രവാസികളുടെ ജീവിതം ഏകദേശം സ്ഥിരത കൈവരിക്കുകയും ചെയ്ത സന്ദർഭത്തിൽ ഏഴാം മാസം ഒന്നാം തീയതി നീർവാതിനരികത്തുള്ള വിശാല സ്ഥലത്തു ജനമെല്ലാം ഒരുമിച്ചു കൂടി വന്നു. മോശയുടെ ന്യായപ്രമാണ പുസ്തകം കൊണ്ടുവന്ന എസ്രാ ശാസ്ത്രി, വിശേഷാൽ തയ്യാറാക്കിയിരുന്ന ഒരു പീഠത്തിന്റെ മുകളിൽ കയറി നിന്നുകൊണ്ട് രാവിലെ മുതൽ ഉച്ച വരെ ന്യായപ്രമാണ പുസ്തകം വായിച്ചു; ജനം ശ്രദ്ധയോടെ വായന കേട്ടു കൊണ്ടിരുന്നു. തന്റെ വലത്തു ഭാഗത്തു ആറുപേരും ഇടത്തു ഭാഗത്തു ഏഴുപേരും ജനത്തിന്റെ പ്രതിനിധികളായി നിന്നുകൊണ്ടാണ് ന്യായപ്രമാണം വായിച്ചത് (8:4). ജനത്തിലെ പ്രമാണികളും ലേവ്യരും ന്യായപ്രമാണത്തിന്റെ പൊരുൾ ജനത്തിനു തിരിച്ചു കൊടുത്തു.

പ്രവാസികളായ യഹൂദരുടെ ആത്മീക നിലവാരത്തിന്റെ നേർക്കാഴ്ച വരികളുടെ ഇടയിലെ വായനയാകുന്നില്ലേ? മോശയുടെ ന്യായപ്രമാണം എത്രയും കരുതലോടെ പ്രമാണിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്നവർ ആയിരുന്നല്ലോ യിസ്രായേൽ ജനം. എന്നാൽ അവർ ന്യായപ്രമാണത്തോടു പുലർത്തിയ അകലം പുതു തലമുറയുടെ അജ്ഞതയ്ക്കും ആത്മീക അധഃപതനത്തിനും കാരണമായി എന്നു ന്യായമായും അനുമാനിക്കാം. ഈ സ്ഥിതിവിശേഷമാണ് വായിച്ചതു ഗ്രഹിക്കുവാൻ തക്കവണ്ണം അർഥം പറഞ്ഞു കൊടുക്കേണ്ടതിന്റെ അനിവാര്യത ഉളവായതു എന്നാണു ഞാൻ തിരിച്ചറിയുന്നത്. അതിൽ അവർ വരുത്തിയ വീഴ്ച തിരിച്ചറിഞ്ഞതല്ലേ “ജനമെല്ലാം ന്യായപ്രമാണ വാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയി” (8:9d) എന്ന പരാമർശത്തിനു അടിസ്ഥാനവും! “നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലമാകുന്നു” (8:10c) എന്ന ഓർമ്മപ്പെടുത്തൽ ഈ യുക്തിയുടെ ആക്കം കൂട്ടുന്നു. യോശുവായുടെ കാലം മുതൽ സർവ്വസഭയും ചെയ്തിട്ടില്ലാത്ത വിധത്തിൽ ഏഴു ദിവസങ്ങൾ നീണ്ടു നിന്ന കൂടാരപ്പെരുനാളിന്റെ ആചരണവും എട്ടാം ദിവസത്തെ വിശുദ്ധ സഭായോഗവും നെഹമ്യാവിൻറെ കീഴിൽ യെരുശലേമിൽ നടന്ന അനിതരസാധാരണമായ ആത്മീക ഉണർവ്വായി കരുതുന്നതാണെനിക്കിഷ്ടം!

പ്രിയരേ, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” (സങ്കീ. 119:11) എന്ന സങ്കീർത്തനക്കാരന്റെ പ്രസ്താവന ഈ ഭാഗവുമായി ചേർത്തു വയ്ക്കുന്നത് എത്രയോ സമുചിതമാണ്. ന്യായപ്രമാണത്തോടു യഹൂദർ പാലിച്ച മനോഭാവം അവരുടെ പാളിച്ചകൾക്കു കാരണമായി തീർന്നപ്പോൾ എസ്രായും നെഹമ്യാവും മുൻകൈയെടുത്തു ജനത്തിന്റെ ഇടയിൽ നടത്തിയ ആത്മീക മുന്നേറ്റം പുതിയ ഉണർവിനും ദൈവിക അനുഗ്രഹത്തിനും കാരണമായി എന്നും ചൂണ്ടികാണിക്കുവാനാണ് പ്രേരണ.

You might also like
Comments
Loading...