വചനധ്യാന പരമ്പര | “ആലയ നിർമ്മാണത്തിലെ വെല്ലുവിളികൾ” | പാസ്റ്റർ അനു സി ശാമുവേൽ

0 671

എസ്രാ 4:4: “ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു”.

ദൈവാലയം പണിക്കെതിരെ ഉയർന്ന എതിർപ്പിൽ ഒത്തുതീർപ്പിനുള്ള ശ്രമം (4:1-3), മാനസിക പീഡനത്തിലൂടെ ജനത്തിന്റെ ധൈര്യം ക്ഷയിപ്പിക്കുന്നു (4:4-5), അർത്ഥഹ്ശഷ്ടാ രാജാവിന് കത്തെഴുതുന്ന ശത്രുക്കൾ (4:6-16), അർത്ഥഹ്ശഷ്ടാവിന്റെ മറുപടിയും പണിമുടക്കവും (4:17-24) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

യെരുശലേമിൽ ആലയം പണിയുവാൻ അടിസ്ഥാനമിട്ടതു ശത്രുക്കളുടെ അലോസരത്തിനു കാരണമായി. എതിർപ്പിന്റെ പ്രാരംഭ നീക്കം അനുനയത്തിന്റെ ഭാഷയിൽ സെരുബ്ബാബേലിന്റെയും പിതൃഭവന തലവന്മാരുടെയും മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. “ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ” (4:2) എന്ന അപേക്ഷയുമായി വരുമ്പോൾ അതിലെ കൗശലം കൃത്യമായി മനസ്സിലാക്കിയ സെരുബ്ബാബേൽ, അവരുടെ ആവശ്യം പാടേ തള്ളിക്കളഞ്ഞു. BC 669 ൽ യിസ്രായേലിലെ അശ്ശൂർ അധിനിവേശ കാലഘട്ടത്തിൽ എസർഹദ്ദോൻ, ശമര്യയിൽ കുടിപാർപ്പിച്ച നിരവധി അന്യജാതികളുടെ തലമുറയാണ് (2 രാജാ. 17:24) ഈ ശത്രുക്കൾ എന്ന് പഠിക്കാം. ഈ കൂട്ടർ ദൈവത്തെ സേവിക്കുന്നവർ അല്ലായിരുന്നു (2 രാജാ. 17:25). മാത്രമല്ല, ഇക്കാലമായപ്പോഴേയ്ക്കും ശമര്യയുമായി ഇടകലർന്നു യഹോവ വെറുക്കുന്ന സമ്മിശ്രജാതിയായി പരിണമിച്ചിരുന്നു ഇവർ. ആലയംപണിയിൽ പങ്കാളിത്തം വഹിക്കുന്നതിനാൽ ആരാധനയിലും സ്വാധീനം ചെലുത്താമെന്ന കണക്കു കൂട്ടലിലാണ് ശത്രുക്കൾ.

എന്നാൽ അവരുമായി കൈകോർക്കുന്നതിനാൽ അരിച്ചെടുത്ത പ്രമാണ പാലനത്തിൽ അടിസ്ഥാനപ്പെട്ടുള്ള ഒരു മതസംവിധാനം പ്രായോഗിക തലത്തിൽ എത്തിക്കുന്നതിൽ താൻ പരാജയപ്പെട്ടു പോകുമെന്ന തിരിച്ചറിവിൽ ശത്രുക്കളുടെ ഇംഗിതത്തെ മുളയിലേ നുള്ളിക്കളഞ്ഞു സെരുബ്ബാബേൽ. ഈ സമീപനത്തിൽ അസ്വസ്ഥരായ ശത്രുക്കൾ, പണിയുന്നവരെ ഭയപ്പെടുത്തി ധൈര്യം ക്ഷയിപ്പിക്കുവാൻ ശ്രമം നടത്തി (4:5,6). രാജാവിന്റെ കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി ഈ ദൗത്യത്തിൽ അൽപ്പമെങ്കിലും വിജയം കാണുവാൻ അവർക്കായി. എങ്കിലും നിർത്താതെ തുടരപ്പെടുന്ന പണി ശത്രുക്കളുടെ ഹൃദയത്തിൽ വിതച്ച അസ്വസ്ഥതയുടെ വിത്തുകൾ ഒരു വലിയ ഗൂഢാലോചനയിലേക്കും തുടർന്ന് കാര്യങ്ങൾ വിശദമാക്കി അർത്ഥഹ്ശഷ്ടാ രാജാവിന് എഴുതിയ ഒരു കത്തിലേക്കും കാര്യങ്ങൾ കൊണ്ടെത്തിച്ചു. ആലയനിർമ്മാണവും പട്ടണമതിലിന്റെ കെട്ടുറപ്പും സംഭവിച്ചു കഴിഞ്ഞാൽ ഈ ജനം രാജാവിനോട് വിഘടിക്കുമെന്നു യിസ്രായേലിന്റെ പിൽക്കാല ചരിത്രം ചൂണ്ടിക്കാട്ടി (4:15,16) രാജാവിനെ ബോധ്യപ്പെടുത്തുവാൻ ശത്രുക്കൾക്കായി.

രാജാവാകട്ടെ യിസ്രായേലിന്റെ ചരിത്രം ശരിയായി പഠിച്ചു തനിക്കു ലഭിച്ച എഴുത്തിലെ ഉള്ളടക്കം തികഞ്ഞ വാസ്തവമെന്നു കാണുകയാൽ പണി നിർത്തിവയ്ക്കുവാനുള്ള കല്പന പുറപ്പെടുവിക്കുകയും ചെയ്തു (4:23). സുമാർ പതിനഞ്ചു വർഷത്തോളം ഈ പണി മുടങ്ങികിടന്നു എന്നു അനുമാനിക്കാം. എങ്കിലും പുനഃരാരംഭിച്ച പണിയുടെ ചരിത്രം കുറിയ്ക്കപ്പെട്ടു കൊണ്ടാണ് അടുത്ത അദ്ധ്യായം ആരംഭിക്കുന്നത് എന്ന വസ്തുത എത്രയോ ധാന്യമാണ്!

പ്രിയരേ, ആലയത്തിന്റെ തകർച്ചയും അടിയന്തിര കർത്തവ്യ നിർവ്വഹണത്തിന്റെ ആവലും നൊമ്പരമായി ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ ശത്രുക്കളുമായുള്ള അനുരഞ്ജനമോ ശത്രുക്കളെയുള്ള ഭയമോ സെരുബ്ബാബേലിനെ പിന്തിരിപ്പിക്കുമോ? ഒരുനാളുമില്ല. ഉത്തരവാദിത്വം മറന്നുള്ള ഏതൊരു ചലനവും ആപത്കരമാണെന്ന തിരിച്ചറിവ് ഭരിക്കുന്നിടത്തു കാര്യങ്ങളുടെ പൂർത്തീകരണം സാധിതപ്രായമാകും; തീർച്ച.

You might also like
Comments
Loading...