വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയാകുന്നു”

0 401

എസ്ഥേർ 2:17: “രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി”.

വസ്ഥിയ്ക്കു പകരം പുതിയ രാജ്ഞിയുടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം (2:1-4), ബെന്യാമീന്യനായ മൊർദ്ദേഖായിയുടെ ചിറ്റപ്പൻ അബീഹയീലിന്റെ മകൾ എസ്ഥേർ രാജ്ഞി പദവിയ്ക്കായി കൊണ്ടുവരപ്പെടുന്നു (2:5-15), എസ്ഥേർ രാജ്ഞിയായി തെരഞ്ഞെടുക്കപ്പെടുന്നു (2:16-20), അഹശ്വേരോശ് രാജാവിന്റെ പ്രാണരക്ഷയ്ക്കായി മൊർദ്ദെഖായിയുടെ ഇടപെടൽ (2:21-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

വസ്ഥിയെ രാജ്ഞീ പദവിയിൽ നിന്നും നിഷ്കാസനം ചെയ്തനന്തരം രാജാവിന്റെ കോപം ശമിച്ചു കഴിഞ്ഞപ്പോൾ മറ്റൊരു രാജ്ഞിയ്ക്കായുള്ള അനിവാര്യത രാജാവിന്റെ മുമ്പിൽ ഉയർന്നു വന്നു. അതിന്റെ വെളിച്ചത്തിൽ ശൂശൻ രാജധാനിയിലെങ്ങും പ്രസിദ്ധമാക്കപ്പെട്ട വിളംബരം സൗന്ദര്യമുള്ള നിരവധി യുവതിമാരെ അന്തഃപുരത്തിനുള്ളിലേക്ക് ആകർഷിച്ചു. അക്കൂട്ടത്തിൽ ബാബേൽ രാജാവായ നെബൂഖദ്‌നേസർ പിടിച്ചു കൊണ്ടുവന്ന യഹൂദാ പ്രവാസികളിൽ ഒരുവനായ ബെന്യാമീൻ ഗോത്രക്കാരൻ കീശിന്റെ പൗത്രൻ മൊർദ്ദേഖായിയുടെ ചിറ്റപ്പൻ അബീഹയീലിന്റെ മകൾ എസ്ഥേറും ഉണ്ടായിരുന്നു. ‘ഹദസ്സ’ എന്ന എബ്രായ പേരിനുടമയായിരുന്നു എസ്ഥേർ. എസ്ഥേർ എന്ന വാക്കിനു നക്ഷത്രം എന്നാണർത്ഥം. എസ്ഥേറിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു പോയിരുന്നതിനാൽ മൊർദ്ദെഖായിയുടെ സംരക്ഷണയിലാണ് താൻ കഴിഞ്ഞു വന്നിരുന്നത്. അതിസൗന്ദര്യവതി ആയിരുന്ന എസ്ഥേർ, തന്റെ ജാതിയും കുലവും എല്ലാം ഗോപ്യമാക്കി വച്ചുകൊണ്ടാണ് രാജാവിൻറെ അന്തഃപുരത്തിലെത്തിയതു. അന്തഃപുര വിചാരകനായ ഹേഗായി എന്ന ഷണ്ഡൻറെ വിചാരണയിൽ പന്ത്രണ്ടു മാസങ്ങളുടെ ശുദ്ധീകരണവും ആറു മാസം മൂർ തൈലവും പിന്നെ ആറുമാസം സുഗന്ധ വർഗ്ഗത്താലുള്ള ശുദ്ധീകരണവും തികച്ച ശേഷം അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു പത്താം മാസത്തിൽ എസ്ഥേർ രാജസന്നിധിയിൽ കൊണ്ടുവരപ്പെട്ടു. “എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും” (2:15) എന്ന പ്രസ്താവനയിൽ എസ്ഥേറിന്റെ സൗന്ദര്യം മാത്രമല്ല ആന്തരിക ഉല്കൃുഷ്‌ടതയും വ്യക്തമാകുന്നില്ലേ! തന്റെ മുമ്പാകെ കൊണ്ടുവരപ്പെട്ട സകല സ്ത്രീകളെക്കാളും രാജാവ് എസ്ഥേറിനെ ഏറെ സ്നേഹിച്ചു അവളോടു കൃപ തോന്നുകയും രാജകിരീടം അവളുടെ തലയിൽ വച്ച് രാജ്ഞിയായി സ്വീകരിക്കുകയും ചെയ്തു. തന്റെ കുലവും ജാതിയും വെളിപ്പെടുത്തരുതെന്ന മൊർദ്ദെഖായിയുടെ ആജ്ഞാനുസരണമായി ആ പ്രമേയത്തിൽ എസ്ഥേർ മൗനം അവലംബിച്ചു എന്ന വസ്തുതയും ശ്രദ്ധേയമാണ്.

പ്രിയരേ, യഹൂദ വംശജയും അനാഥയും ആയിരുന്ന എസ്ഥേർ അതിമഹത്തായ പദവിയിലേക്ക് ഉയർത്തപ്പെട്ടതു യാദൃച്ഛികമല്ല എന്നു പഠിക്കാം. ഒരു ജനതയുടെ വിനാശത്തിനു തടയിടുവാൻ ദൈവത്താൽ ഒരുക്കപെട്ട പദ്ധതിയുടെ രൂപരേഖയല്ലാതെ മറ്റെന്താണിതു! അവിടുത്തെ കാര്യപരിപാടികളുടെ പൂർത്തീകരണത്തിനു സമയാസമയങ്ങളിൽ നമുക്കായും ഒരുക്കപ്പെടുന്ന പാതകൾക്കായി സ്തോത്രം!

You might also like
Comments
Loading...