വചനധ്യാന പരമ്പര | “മൊർദ്ദെഖായി ബഹുമാനിക്കപ്പെടുന്നു”

0 757

എസ്ഥേർ 6:13: “തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു”.

ഉറക്കം ഇല്ലാത്ത രാത്രിയിൽ ദിനവൃത്താന്ത പുസ്തകം വായിക്കുന്ന രാജാവ് (6:1-2) തന്റെ പ്രാണനെ രക്ഷിച്ച മൊർദ്ദെഖായിയ്ക്കു പ്രത്യുപകരം ഒന്നും ചെയ്തില്ല എന്നു കുണ്ഠിതപ്പെടുന്ന രാജാവ് (6:3-6) രാജാവിന്റെ ബഹുമാനം ഒന്നും കുറയാതെ ഹാമാനാൽ ഏറ്റുവാങ്ങുന്ന മൊർദ്ദെഖായി (6:7-12), ഹാമാന്റെ വീഴ്ച മണത്തറിഞ്ഞ അനുചരവൃന്ദം (6:13-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

അത്യന്തം ഗൗരവതരമായ തലത്തിലേക്കു എസ്ഥേറിന്റെ പുസ്തകത്തിന്റെ വായന നമ്മെ കൊണ്ടെത്തിക്കുന്ന അദ്ധ്യായമാണിത്. മൊർദ്ദെഖായിയെ തൂക്കിലേറ്റുവാൻ സഹവൃന്ദങ്ങൾ കഴുമരമൊരുക്കുമ്പോൾ ഹാമാൻ ആകട്ടെ രാജാവിനറെ അനുമതിയ്ക്കായി ‘ഡോക്യുമെന്റ്’ തയ്യറാക്കി അടിയന്തിര പരിഗണനയ്ക്കായി രാജാവിന്റെ പടിവാതിലോളം എത്തി. ഈ സമയം രാജാവാകട്ടെ തന്റെ പള്ളിയറ വിട്ടു ദിനവൃത്താന്ത രേഖകളുടെ സംഗ്രഹശാലയിൽ ഉറക്കമില്ലാതെ അലയുന്നു. രേഖകൾ പരതുന്നതിനിടയിൽ ബിഗ്ദ്ധാന, തേരെശ് എന്നീ രണ്ടു ഷണ്ഡന്മാർ രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും മൊർദ്ദെഖായിയുടെ അവസരോചിതമായ ഇടപെടലിലൂടെ രാജാവിന്റെ പ്രാണൻ രക്ഷപ്പെട്ടതും വായിച്ചു തീർത്തു. ഇതിനു പ്രത്യുപകരം എന്തു ചെയ്തു എന്ന രാജാവിന്റെ ചോദ്യത്തിന് “ഒന്നും കൊടുത്തിട്ടില്ല” എന്ന ഉത്തരമാണ് ലഭിച്ചതു (6:3). “പ്രാകാരത്തിൽ ആരുള്ളൂ?” എന്ന ചോദ്യം രാജകൊട്ടാരത്തിലെ ചുവരുകളിൽ പ്രകമ്പനമായി മുഴങ്ങി. കഴുമരത്തിൽ മൊർദ്ദെഖായിയെ തൂക്കുവാൻ രാജാവിൻറെ കയ്യൊപ്പിനായി രാത്രിയുടെ ഉത്തരാർദ്ധത്തിൽ രാജകൊട്ടാരത്തിലെ പടിവാതിൽക്കൽ കാത്തു നിന്ന ഹാമാനോടായി രാജാവിൻറെ ചോദ്യം ഉയർന്നു:

“രാജാവ് ബഹുമാനിക്കുവാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത്?” ദുരഭിമാനിയും അധികാരക്കൊതിയനുമായ താനല്ലാതെ ആ പദവിക്ക് യോഗ്യൻ മറ്റാരുമില്ല എന്ന അമിതാത്മവിശ്വാസത്തിൽ, രാജാവു ധരിച്ചുവരുന്ന രാജവസ്ത്രം ധരിപ്പിച്ചു രാജാവു കയറുന്ന കുതിരയിൽ അവനെ കയറ്റി അവന്റെ തലയിൽ വെക്കുന്ന രാജകിരീടം ധരിപ്പിച്ചു രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തനെ അവന്റെ മുമ്പിൽ നടത്തി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്ന ഉപദേശം കൊടുത്തു (6:8,9). ഈ പറയപ്പെട്ടതെല്ലാം യഹൂദനായ മൊർദ്ദെഖായിയ്ക്കു ചെയ്തുകൊടുക്കണം; ഒന്നും കുറച്ചു കളയരുത് എന്ന നിശിതമായ കല്പന രാജാവ് പ്രഖ്യാപിച്ചു. അപമാനിതനായ ഹാമാൻ രാജകല്പന അനുസരിച്ചു ഇപ്പറഞ്ഞതെല്ലാം മൊർദ്ദെഖായിയ്ക്കു ചെയ്തു കൊടുത്തു. വീട്ടിൽ മടങ്ങിയെത്തിയ ഹാമാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ “മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള” എന്ന തന്റെ ഭാര്യയുടെ അഭിപ്രായപ്രകടനം ഒരു പ്രവചനവും ഹാമാന്റെ സകല ധൈര്യവും ചോർത്തിക്കളയുന്നതും ആയിരുന്നു എന്നാണു ഞാൻ കരുതുന്നത്. ഇതു പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ എസ്ഥേറിന്റെ വിരുന്നിനായി കൂട്ടികൊണ്ടു പോകുവാൻ അയയ്ക്കപ്പെട്ട രഥത്തിൽ താൻ യാത്രയായി!

പ്രിയരേ, തന്റെ ഭക്തന്റെ പ്രാണനു നേരിട്ട അപകടസന്ധി താൻപോലുമറിയാതെ തുടച്ചു മാറ്റുക മാത്രമല്ല പണ്ടെന്നോ ചെയ്തുമറന്ന സത്‌പ്രവൃത്തിയുടെ പ്രതിഫലം ഒട്ടും കുറയ്ക്കാതെ പട്ടണവീഥിയിൽ തിരികെ കൊടുത്ത ദൈവം എത്ര വലിയവൻ! തത്സമയം ലഭിക്കാത്ത പ്രതിഫലങ്ങൾ തക്കസമയത്തു ലഭിക്കുമെന്ന പാഠം നമ്മെ കർമ്മോത്സുകരാക്കും; തീർച്ച.

You might also like
Comments
Loading...