വചനധ്യാന പരമ്പര | “പുനഃരാരംഭിച്ച പണിയും എതിർപ്പിന്റെ എഴുത്തും” | പാസ്റ്റർ അനു സി ശാമുവേൽ

0 692

എസ്രാ 5:5: “എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാർയ്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല”.

പ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യാവും ആലയം പണിയുന്നവരെ പ്രോത്സാഹിപ്പിക്കുന്നു (5:1-2), ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫർസ്യരും ദാർയ്യാവേശ്‌ രാജാവിനയച്ച പുനഃപരിശോധനാ ഹർജി (5:3-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

തദ്ദേശവാസികളുടെ സമ്മർദ്ദം മൂലം ആലയത്തിന്റെ പണി മുടങ്ങുവാൻ ഇടയായ ചരിത്രമായിരുന്നല്ലോ പിന്നിട്ട അദ്ധ്യായതിന്റെ വായന. എന്നാൽ BC 520 ആയപ്പോഴേയ്ക്കും ഹഗ്ഗായി പ്രവാചകനും ഇദ്ദോവിന്റെ മകൻ സെഖര്യാ പ്രവാചകനും ആലയം പണി പുനഃരാരംഭിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ജനത്തിന്റെ ഇടയിൽ ഒരു ആത്മീക ഉണർവ്വിന്റെ നാളം തെളിയിച്ചു. ഈ അവസരത്തിൽ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി. ദൈവത്തിന്റെ പ്രവാചകന്മാരും സകല പിന്തുണയും കൊടുത്തു അവരോടൊപ്പം നിലയുറപ്പിച്ചു.

ഏതൊരു പണിയുടെയും മുൻപന്തിയിൽ നിൽക്കുന്നവരോളം പ്രാമുഖ്യത പിന്നിൽ നിൽക്കുന്നവർക്കുമുണ്ടെന്ന ലളിതപാഠം ഇവിടെ അടിവരയിടപ്പെടുന്നു. പണിയുടെ പുനരാരംഭം പുതിയ എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. യൂഫ്രട്ടിസ് നദിക്കു പടിഞ്ഞാറുള്ള പ്രവിശ്യയുടെ പേർഷ്യൻ ഗവർണാറായിരുന്ന തത്നായിയും തന്റെ ഭരണ സഹായിയായിരുന്ന ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും പണിക്കാരുടെ അടുക്കൽ വന്നു ഈ പണി സംബന്ധമായ വിവരങ്ങൾ ആരാഞ്ഞു. അതിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ വസ്തുതാവിവരണത്തിന്റെ അടിസ്ഥാനത്തിൽ ദാര്യാവേശ് രാജാവിന് അവർ അയച്ച എഴുത്തിൽ യഹൂദാ സംസ്ഥാനത്തു മഹാദൈവത്തിന്റെ ആലയം പണി പുരോഗമിക്കുന്നതിലെ അവരുടെ ആശങ്ക വ്യക്തമാക്കുകയും തിരുമനസ്സിന്റെ അറിവോടെയും അവിടുത്തെ കല്പനയുടെ അടിസ്ഥാനത്തിലും തന്നെയാണോ ഈ നിർമ്മാണങ്ങൾ നടക്കുന്നത് എന്ന പുനഃപരിശോധനയും ആവശ്യപ്പെട്ടിരുന്നു.

യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതിരുന്നതും എന്നാൽ ദൈവത്തെ കോപിപ്പിച്ചതിനാൽ ബാബേൽ രാജാവായിരുന്ന നെബൂഖദ്‌നേസറിന്റെ കയ്യാൽ തകർക്കപ്പെട്ടതുമായ ഈ ആലയത്തിന്റെ പുനഃനിർമ്മാണത്തിനുള്ള ആജ്ഞ കോരെശ് രാജാവിൻറെ ഒന്നാം ആണ്ടിൽ തന്നെ പുറപ്പെട്ടിരുന്നതാണ് എന്ന യഹൂദാ ഭാഷ്യം പരിഗണിക്കുവാൻ ഈ എഴുത്തിൽ കൂട്ടാക്കുന്നില്ല (5:11-17) എന്നു വ്യക്തമാണ്. എന്നാൽ ദാര്യാവേശിന്റെ മറുപടി എത്തുന്നത് വരെയും പണി തടസ്സപ്പെത്തിയില്ല എന്ന വസ്തുതയും (5:5) ചൂണ്ടിക്കാണിക്കുവാനുണ്ട്!

പ്രിയരേ, ശൂന്യതകളിലെ പുനഃനിർമ്മാണം എതിർപ്പുകൾക്കു വഴിമരുന്നിടുവാൻ സാധ്യത ഏറെയാണ്. എങ്കിലും യഹോവയുടെ വചനവും അവിടുത്തെ അഭിഷിക്തൻമാരുടെ പ്രവചനവും ഉറപ്പു തരുന്നത് സമാനതകളില്ലാത്ത ഒരു പൂർത്തീകരണമെന്നും നാം മറന്നു പോകരുത്.

You might also like
Comments
Loading...