വചനധ്യാന പരമ്പര | ആലയ പ്രതിഷ്ഠയും ജനത്തിന്റെ സന്തോഷവും

0 777

എസ്രാ 6:22: “യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു”.

ആലയം പണി സംബന്ധമായ പുനഃപരിശോധനാ ‘ഹർജിയിന്മേൽ’ ദാര്യവേശിന്റെ കൽപ്പന (6:1-12), ആലയം പണി പൂർത്തീകരണത്തിൽ (6:13-15), ആലയം പ്രതിഷ്ഠ (6:16-8), ആലയത്തിലെ പെസഹാ ആചരണം (6:19-22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറേകരയുടെ പേർഷ്യൻ ഗവർണറായിരുന്ന തദ്‌നായിയുടെയും കൂട്ടരുടെയും നിവേദനപ്രകാരം ദാര്യാവേശ് രാജാവ് തന്റെ ഔദ്യോഗിക രേഖകളുടെ സംഗ്രഹത്തിൽ നിന്നും കോരെശ് രാജാവിന്റെ വാഴ്ച്ചയുടെ ഒന്നാം ആണ്ടിൽ തീർപ്പാക്കിയ ആലയം പണി സംബന്ധമായ കല്പ്പനയുടെ രേഖകൾ പുറത്തെടുപ്പിച്ചു. തന്റെ മുൻഗാമിയുടെ മാറ്റിക്കൂടാത്ത ആജ്ഞയനുസരിച്ചു പേർഷ്യൻ ഭരണകൂടത്തിന്റെ ചെലവിൽ അറുപതു മുഴം വീതം ഉയരവും വീതിയുമുള്ള ആലയം സുദൃഢമായ അടിസ്ഥാനത്തിന്മേൽ യെരുശലേമിൽ പണിതു തീർക്കണമെന്ന വസ്‌തുത രാജാവിന്റെ ശ്രദ്ധയിൽ പെട്ടു.

ഉടനടി രാജാവ് ഏഴുതി അയച്ച മറുപടിയിൽ കോരെശ്‌രാജാവിന്റെ കൽപ്പനയും ആകയാൽ തന്നെ പണി തടസ്സപ്പെടുത്തുന്നതിൽ നിന്നും മാറിയിരിക്കണമന്നും താക്കീതു കൊടുത്തു. അതിലുപരി, തത്നായിയുടെ പ്രവിശ്യയിൽ പിരിഞ്ഞു കിട്ടുന്ന നികുതിപ്പണം യെരുശലേം ദൈവാലയത്തിന്റെ പണിയ്ക്കായി കൃത്യമായി നീക്കിവയ്ക്കണമെന്നും ആജ്ഞ പുറപ്പെടുവിച്ചു. കൂടാതെ, യഹോവയായ ദൈവത്തിനു ദിനംപ്രതിയുള്ള യാഗാർപ്പണത്തിനു ഒട്ടും കുറവ് വരാതെ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ മുതലായവ പുരോഹിതന്മാരുടെ ആവശ്യമനുസരിച്ചു എത്തിച്ചു കൊടുക്കേണമെന്നും കൽപ്പനയുണ്ടായി. ഇതിൽ ഏതെങ്കിലുമൊന്നിൽ വീഴ്ചവരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അങ്ങനെ ചെയ്യുന്നവരുടെ വീട്ടിന്റെ ഉത്തരം വലിച്ചെടുത്തു അതിൽ അവരെ തൂക്കിക്കളയുമെന്നും അവരുടെ വീട് കുപ്പക്കുന്നാക്കുമെന്നും നിശിതമായ മുന്നറിയിപ്പും കൊടുക്കപ്പെട്ടു. ദൈവേച്ഛയെ പൂർണ്ണമായി അനുസരിക്കുന്നതിൽ ദാര്യാവേശ് എന്ന പാർസി രാജാവ് പുലർത്തിയ ശുഷ്‌കാന്തി എത്രവലുതായിരുന്നു എന്നു ചിന്തിച്ചാലും! ഈ കല്പനയുടെ തീർപ്പു കൈപ്പറ്റിയ തത്നായിയും കൂട്ടരും ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ആലയം പണി BC 515 മാർച്ച് 12 നീ പൂർത്തീകരിച്ചു ആലയം പ്രതിഷ്ഠിച്ചു.

തുടർന്ന് ഒന്നാം മാസം പതിനാലാം തീയതി പുതിയ ആലയത്തിൽ ചരിത്രപ്രാധാന്യമുള്ള പെസഹായും അതേത്തുടർന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസവും ആചരിച്ചു. തന്റെ ജനത്തെ സന്തോഷിപ്പിക്കുന്ന ദൈവം (6:22) എന്ന പ്രയോഗം ഈ അദ്ധ്യായത്തിന്റെ കാതൽ ധ്യാനപ്രമേയമാക്കരുതോ! എഴുപതു വർഷങ്ങളുടെ പ്രവാസവും സുമാർ ഇരുപതു വർഷങ്ങളുടെ പണിയിലെ കഠിനതകളും നിമിത്തം കൈപ്പിന്റെ നാളുകളിലൂടെ സഞ്ചരിച്ചു വന്ന യഹൂദാജനം സ്വദേശത്തു സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ശ്വസിച്ച ഈ സംഭവം യഹോവയാലുണ്ടായ സന്തോഷമല്ലാതെ പിന്നെന്താണ്!

പ്രിയരേ, “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ. 85:6) എന്ന കോരഹ് പുത്രന്മാരുടെ പ്രാർത്ഥനയ്ക്ക് ഇവിടെ ഉത്തരം അരുളപ്പെടുന്നു. തകർച്ചയുടെയും ദുരിതങ്ങളുടെയും നാളുകളിലൂടെയുള്ള സഞ്ചാര മാർഗത്തിലും സന്തോഷത്തിന്റെ നാളുകളിലേക്കു നമ്മെ ദൈവശക്തിയാൽ സൂക്ഷിക്കുന്ന നാഥനു സ്തോത്രം!

You might also like
Comments
Loading...