വചനധ്യാന പരമ്പര | എസ്രാ ശാസ്ത്രി ചുമതല ഏറ്റെടുത്തപ്പോൾ

0 653

എസ്രാ 7:28: “ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി”.

എസ്രാ ശാസ്ത്രിയുടെ സംക്ഷിപ്ത വംശാവലിയും തന്റെ നേതൃത്വത്തിൽ ജനം മടങ്ങി വരുന്നതും (4:1-10), എസ്രായ്ക്കു അർത്ഥഹ്ശഷ്ടാ രാജാവിന്റെ ആധികാരികമായ എഴുത്തു (4:11-28) എന്നീ പ്രമയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

പാർസി രാജാവായ അർത്ഥഹ്ശഷ്ടാവിന്റെ കാലത്താണ് എസ്രായുടെ നേതൃത്വത്തിൽ ഒരുകൂട്ടം ജനം യെരുശലേമിലേക്ക് തിരികെ എത്തുന്നത്. ആലയം പണിയുടെ പൂർത്തീകരണം സംഭവിച്ചിട്ടു സുമാർ അമ്പത്തേഴു വർഷങ്ങൾ പിന്നിടുന്ന അവസരത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. അഹരോന്യ വംശത്തിൽ നിന്നുള്ളവനും ന്യായപ്രമാണത്തിൽ വിദഗ്ദനായ ശാസ്ത്രിയുമായിരുന്നു എസ്രാ (7:5,6). നാലുമാസങ്ങൾ സഞ്ചരിച്ചാണ് ബാബേലിൽ നിന്നും യെരുശലേമിൽ എസ്രാ എത്തിച്ചേർന്നത് (7:8). ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത, അർത്ഥഹ്ശഷ്ടാ രാജാവിന്റെ ഔദ്യോഗിക എഴുത്തു എസ്രായുടെ കൈവശം ലഭിക്കപ്പെട്ടിരുന്നു എന്നതാണ്. ആ എഴുത്തിന്റെ ഉള്ളടക്കത്തിൽ ശത്രുക്കളുടെ ഇടപെടലുകൾ ഇനിയും ആവർത്തിക്കാനുള്ള സാധ്യതകൾ മുൻകണ്ടുകൊണ്ടു അത്തരം സാഹചര്യങ്ങൾക്ക് തടയിടുന്നതും ഒപ്പം നാളെകളിൽ യിസ്രായേൽ ജനതയുടെ സ്വസ്ഥവും നിർബാധവുമായ താമസം യെരുശലേമിൽ ഉണ്ടാകുവാൻ പോന്ന സകലവിധ ഭദ്രതയും ഉറപ്പാക്കുന്നതും ആയിരുന്നു. ആലയം വക ചെലവിനുള്ള പൊന്നും വെള്ളിയുമടങ്ങുന്ന ദ്രവ്യസമ്പത്തു വേണ്ടും പോലെ ഔദാര്യമായി രാജാവും തന്റെ ഏഴു മന്ത്രിമാരും (7:16) കൊടുത്തയയ്ക്കുമ്പോൾ അവ ഉപയോഗിച്ച് യാഗത്തിനുള്ള മൃഗങ്ങളെയും (7:17) ദൈവപ്രസാദത്തിനുള്ളതെല്ലാം ചെയ്യുവാനും (7:18) പൂർണ്ണ സ്വാതന്ത്ര്യം എസ്രായിൽ നിക്ഷിപ്തമാക്കുന്നു.

കൂടാതെ നെബുഖസ്‌നേസർ പിടിച്ചു കൊണ്ടു പോന്നിരുന്ന സകല ഉപകരണങ്ങളും തിരികെ അതാതിന്റെ സ്ഥാനത്തു വയ്ക്കുവാനും നിർദ്ദേശം നൽകപ്പെട്ടു (7:18). രാജാവിന്റെ തിരുവുള്ളം ഇതിലൊന്നും തൃപ്തനാകാതെ ഇനിയും ആവശ്യമെന്നു തോന്നുന്നതെല്ലാം രാജാവിന്റെ ഭണ്ഡാരത്തിൽ നിന്നും ആവശ്യം പോലെ എടുത്തുകൊള്ളുവാനുള്ള അനുമതിയും രാജാവ് എസ്രായ്ക്കു കൊടുത്തു. മാത്രമല്ല യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഗവർണർക്കും ഭണ്ഡാര വിചാരകന്മാർക്കും കൊടുത്ത കൽപ്പനയിൽ എസ്രായുടെ സകല അഭ്യർത്ഥനകൾക്കും അനുസൃതമായ ധനവിതരണം കൃത്യമായി അനുവദിക്കണമെന്ന ആജ്ഞയും തീർപ്പാക്കി. ഇതിലും പരിമിതപ്പെട്ടു പോകാത്ത രാജാവിന്റെ കല്പനയിൽ ദൈവാലയ സംബന്ധമായ ശുശ്രൂഷകളിൽ നില്കുന്നവരെയെല്ലാം കരമൊഴിവുള്ളവരായി പ്രഖ്യാപിക്കുകയും ചെയ്തു (7:24). ജനത്തെ ദൈവഭയത്തിൽ നിലനിർത്തേണ്ടതിന്റെ അനിവാര്യത എസ്രായെ എത്രയും കൃത്യമായി ബോധ്യപ്പെടുത്തിയ രാജാവ്, അല്ലാത്ത പക്ഷമുള്ള സകല നീക്കങ്ങളെയും നിയമപരമായി തന്നെ നേരിടുവാനുള്ള പൂർണ്ണ അനുമതിയും ഭരമേല്പിച്ചു (7:25,26).

പ്രിയരേ, ഈ അദ്ധ്യായം ധ്യാനവിധേയമാക്കുമ്പോൾ മനോമുകുരത്തിൽ ഉയർന്നുവരുന്ന ചിന്തകൾ അനവധിയാണ്. ജാതീയ രാജാവ് പോലും ഭയപ്പെട്ടു പോയ ദൈവമഹത്വം നമ്മുടെ ചിന്തകളിൽ തീനാളങ്ങൾ ആകണം! യഹോവയെ ഉപേക്ഷിച്ചതിനാൽ പരിത്യാഗം ഏറ്റുവാങ്ങി പരിഹാസവും പഴഞ്ചൊല്ലുമായി തീർന്ന യഹൂദയുടെ മാനസാന്തരത്തോട് യഹോവയായ ദൈവം പ്രതികരിച്ചു തുടങ്ങിയപ്പോൾ ഇനിയും നഷ്ടങ്ങളുടെ ഭൂതകാലത്തിനു എന്ത് പ്രസക്തി!

You might also like
Comments
Loading...