വചനധ്യാന പരമ്പര | എസ്രായുടെ യെരുശലേം യാത്ര
എസ്രാ 8:31: “യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു”.
എസ്രായുടെ ഒപ്പം യെരുശലേമിലേക്കു വന്ന പിതൃഭവനത്തലവന്മാരുടെ വംശവലി (8:1-14), ലേവ്യരുടെ നിസ്സഹകരണവും എസ്രായുടെ ഇടപെടലും (8:15-20), അഹവാ ആറ്റിൻകരയിലെ ഉപവാസം (8:21-23), ദൈവാലയത്തിൽ ഉപകരണങ്ങൾ എണ്ണിയും തൂക്കിയും പുരോഹിതന്മാരിൽ പ്രധാനികളായ പന്ത്രണ്ടു പേരെ ഏൽപ്പിക്കുന്നു (8:24-30), എസ്രാ യെരുശലേമിൽ എത്തുന്നു (8:31-36) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
Download ShalomBeats Radio
Android App | IOS App
ആയിരത്തിനാനൂറ്റി തൊണ്ണൂറ്റിയാറു പേരാണ് എസ്രായുടെ ഒപ്പം യെരുശലേമിലേക്കു മടങ്ങി വന്നത്. യാത്രയ്ക്കായി താത്പര്യപ്പെട്ടു മുമ്പോട്ടു വന്ന ഏവരെയും യൂഫ്രട്ടിസ് നദിയുടെ പോഷക നദിയായ അഹവാ ആറ്റിന്റെ കരയിൽ ഒരുമിച്ചു കൂട്ടി എസ്രാ. മൂന്നു ദിവസങ്ങൾ പാളയമടിച്ചു അവിടെ പാർത്ത ജനത്തെ പരിശോധിച്ച എസ്രാ, പക്ഷെ അവരുടെ ഇടയിൽ ലേവ്യരിൽ ആരെയും കണ്ടെത്തിയില്ല (8:15). നെഹമ്യാവിൻറെ കാലത്തു മടങ്ങിപ്പോയ നാലായിരത്തി ഇരുനൂറ്റി എൺപത്തൊമ്പതു പേരിൽ കേവലം എഴുപത്തിനാലു ലേവ്യർ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ (2:40) എന്ന വസ്തുതയും കൂട്ടി വായിക്കപ്പെടണം. ഇവിടെയും മടങ്ങിപ്പോക്കിനോട് ലേവ്യരുടെ നിസ്സംഗതാ മനോഭാവവും നിസ്സഹകരണവും വിശേഷാൽ കുറിയ്ക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിൽ നേരിട്ടിടപെട്ട എസ്രാ, കാസിഫ്യാ എന്ന പുരോഹിത കോളനിയിൽ അവിടുത്തെ പ്രധാനിയായിരുന്ന ഇദ്ദോവിന്റെ അടുക്കൽ ആളയച്ചു ലേവ്യരെ യെരൂശലേമിലേക്കു അയയ്‌ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടുത്തി.
അങ്ങനെ മുപ്പത്തെട്ടു ലേവ്യരും ഇരുനൂറ്റിരുപതു ദൈവാലയദാസന്മാരും ഈ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ചു എസ്രായുടെ ഒപ്പം യാത്രചെയ്യുവാൻ തീരുമാനിച്ചു (8:19,20). തുർന്നു നടന്ന ഉപവാസത്തിലും താഴ്മപ്പെടുത്തലിലും ജനത്തിനും അവരുടെ കുഞ്ഞുകുട്ടികൾക്കും സകല സമ്പത്തിനും വേണ്ടി ശുഭയാത്ര നേടിയെടുക്കുവാൻ അവർക്കായി. ദൈവത്തിന്റെ കൈയ്യുടെ മാഹാത്മ്യം രാജാവിനെ ശരിയാം വിധം ബോധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നതിനാൽ ബാബേലിൽ നിന്നും യെരുശലേമിലേക്കുള്ള നീണ്ട യാത്രയിൽ രാജാവിന്റെ സൈനിക അകമ്പടിയുടെ സുരക്ഷ ചോദിക്കുവാൻ എസ്രാ ലജ്ജിച്ചിരുന്നു (8:22). ആലയത്തിലേക്കുള്ള പൊന്നും തങ്കവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങളും ഇതര സമ്പത്തുകളും വഹിച്ചുകൊണ്ടുള്ള നീണ്ട യാത്രയും വഴിയിലെ പതിയിരുപ്പു അക്രമികളുടെ സാധ്യതയുമാണ് (8:31) ഒരു സൈനികസുരക്ഷയുടെ അനിവാര്യതയുയർത്തിയ പശ്ചാത്തലം എന്നു ഗ്രഹിക്കാമല്ലോ! എങ്കിലും വാക്കാൽ പറഞ്ഞതിനെ പ്രവൃത്തിയാൽ സ്ഥിരീകരിക്കുവാൻ കഴിയാതെ വരുന്നതു ജാള്യതയ്ക്കു കാരണമാകുമെന്ന തിരിച്ചറിവ് എസ്രായുടെ സാധാരണ ജീവിത ശൈലിയുടെ ഭാഗമായി കാണുന്നതാണെനിക്കിഷ്ടം. ദൈവത്തെ ഉയർത്തുന്ന വാഗ്ധോരണികളും അതേസമയം നേർവിപരീത പ്രയോഗിക പ്രതലങ്ങൾക്കും ആത്മീകജീവിതത്തിൽ പ്രസക്തിയില്ലെന്ന് നാം പഠിക്കണം.
എസ്രായുടെ ചിന്തകൾ പോലും ചെന്നെത്താത്ത ഇടങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുവാൻ രാജാവിന്റെ മനസ്സിനെ പാകപ്പെടുത്തിയ യിസ്രായേലിന്റെ ദൈവം തുടർകാര്യപരിപടികളും നിർവിഘ്‌നം പൂർത്തീകരിക്കുമെന്ന എസ്രായുടെ തിരിച്ചറിവ് പട്ടാളസുരക്ഷയുടെ അഭ്യർത്ഥനയിൽ നിന്നും മാറി നിൽക്കുവാൻ തന്നെ പ്രേരിപ്പിച്ചു എന്നാണു എന്റെ നിരീക്ഷണം. സുഗമമായ യാത്രയ്ക്കൊടുവിൽ സുരക്ഷിതമായി യെരുശലേമിൽ എത്തിയ എസ്രായും സംഘവും യഹോവയ്ക്കു യാഗങ്ങളർപ്പിച്ചു സ്വന്തനാട്ടിൽ പാർപ്പു തുടങ്ങി. അതേസമയം രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കക്കരെയുള്ള സംസ്ഥാനധിപന്മാരെ ഏൽപ്പിച്ചു ആലയം പണിയിൽ അവരുടെ ഭാഗത്തുനിന്നുള്ള സഹായം ഉറപ്പാക്കുവാനും എസ്രാ മറന്നില്ല.
പ്രിയരേ, മനുഷ്യ ബലങ്ങളെക്കാൾ അധികം ദൈവത്തിൽ ആശ്രയിക്കുന്നതാണ് ഉത്തമം എന്ന ലളിത പ്രയോഗിക പാഠത്തിന്റെ തുറന്ന താളല്ലേ ഈ അദ്ധ്യായം! ദൈവിക കാര്യപരിപടികളുടെ നടത്തിപ്പിനിടയിൽ മാനുഷിക ചിന്തകൾ തിരുകിക്കയറ്റുന്നത് ലജ്ജാവഹവും പരാജയകാരണവും ആകുമെന്ന തിരിച്ചറിവ് ശുഭയാത്രയ്ക്കായി നമ്മെ പ്രാപ്‌തരാക്കുക തന്നെ ചെയ്യും; തീർച്ച.