ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’ ലൂക്കാസ് മൗറ
യൊഹാൻ ക്രൈഫ് അരീനയിൽ അയാക്സിനെ വീഴ്ത്തിയ ഹാട്രിക്കിനു പിന്നാലെ ലൂക്കാസ് മൗറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു: ‘ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’– പുതിയ നിയമത്തിലെ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വാക്കുകൾ. ലൂക്കായുടെ സുവിശേഷം പോലെത്തന്നെ ‘ലൂക്കാസിന്റെ ജീവിത’വും ദിവ്യാൽഭുതങ്ങൾ നിറഞ്ഞതാണ്. ത്യാഗിയായും തിരസ്കൃതനായും ലോക ഫുട്ബോളിന്റെ ചുറ്റുവട്ടങ്ങളിൽ ജീവിച്ചു പോന്ന ലൂക്കാസ് മൗറ ഒറ്റ രാത്രി കൊണ്ട് വിശുദ്ധനായി വാഴ്ത്തപ്പെട്ടു– അയാക്സിനെതിരെ 35 മിനിറ്റിനുള്ളിൽ നേടിയ ഹാട്രിക്കോടെ.
ഫുട്ബോൾ ശ്വസിച്ചു വളരുന്ന ബ്രസീലിലെ അന്തരീക്ഷം ലൂക്കാസ് മൗറയെ സഹായിച്ചിട്ടുമുണ്ട്, സങ്കടപ്പെടുത്തിയിട്ടുമുണ്ട്. ബ്രസീലിലെ ആയിരക്കണക്കിന് ഫുട്ബോളർമാരെപ്പോലെ തെരുവിൽ പന്തു തട്ടിയാണ് ലൂക്കാസ് മൗറ വളർന്നത്. 13–ാം വയസ്സിൽ പരിശീലനത്തിനായി വീട്ടിൽ നിന്നു മാറേണ്ടി വന്ന മൗറ പിന്നീട് വളർന്നത് എപ്പോൾ വേണമെങ്കിലും വഴി തെറ്റിപ്പോകാവുന്ന സാഹചര്യങ്ങളിലാണ്. എന്നാൽ ഫുട്ബോളിനോടും ദൈവത്തോടുമുള്ള തികഞ്ഞ ഭക്തി മൗറയെ കാത്തു.