കമ്യൂണിസ്റ്റ് ചൈനയിൽ ക്രിസ്ത്യൻ പള്ളി സർക്കാർ ഡൈനമൈറ്റ് വച്ച് തകർത്തു
ഹോംഗ്‌കോങ്: കമ്യൂണിസ്റ്റ് ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന നടത്തുന്ന പള്ളിയായിരുന്നു ഇത്. വലിയ മെഷീനുകളും ഡൈനാമിറ്റുകളും ഉപയോഗിച്ചാണ് പള്ളി തകര്‍ത്തത്.
ഷാന്‍ക്‌സിയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തകര്‍ക്കപ്പെടുന്ന രണ്ടാമത്തെ പള്ളിയാണിത്.
കമ്യൂണിസ്റ്റ് ചൈനയില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പള്ളി തകര്‍ത്തത്.
പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഭരണത്തിലേറിയതിന് ശേഷം രാജ്യത്ത് നിരവധി പള്ളികളാണ് തകര്‍ക്കപ്പെട്ടത്. അതുമല്ലെങ്കില്‍ പള്ളികളുടെ മകുടമോ കുരിശോ അവിടെ നിന്ന് നീക്കം ചെയ്യും. ക്രിസ്ത്യന്‍ മതത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെ നാളുകളായി പുലര്‍ത്തുന്ന അകല്‍ച്ചയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ.