ഇറാനില്‍ ചുവന്ന പതാക ഉയര്‍ത്തി; വലിയ യുദ്ധത്തിന്റെ സൂചന; ലോക ക്രൈസ്തവർക്ക് ഇത് ഭീഷണി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനിയൻ നഗരമായ ഖുമ്മിലെ ജംകര്‍ആന്‍ മുസ്ലിം പള്ളിക്ക് മുകളിൽ ചുവന്ന പതാക ഉയര്‍ന്നു പൊങ്ങി. അതെ സമയം, യുദ്ധം ഉണ്ടായാൽ അത് ലോക ക്രൈസ്തവർക്ക് വലിയ രീതിയിൽ ഭീഷണി സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിൽ സുലൈമാനിയെയും കൂട്ടാളികളെയും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയത്.രാജ്യത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പാർശ്വവൽക്കരിക്കപ്പെട്ട മത സമൂഹങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യമുന്നയിച്ചു കഴിഞ്ഞു. അതേസമയം, സുലൈമാനിയുടെ അന്ത്യയാത്രക്കിടെയാണ് ഈ പള്ളിയിൽ ഈ അത്യപൂര്‍വ കാഴ്ച കണ്ടത്. ചുവന്ന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധസൂചനയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പതാക ഉയര്‍ത്തുന്ന ചടങ്ങ് ഇറാനിയൻ ദേശീയ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
കൊല്ലപ്പെട്ട കമാൻഡറുടെ ചിത്രവും ചുവന്ന പതാകയും സേന മുകളില്‍ എത്തിച്ച ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍.
അതേസമയം ഇറാഖിലും ഇറാനിലും അടുത്തതായി എന്ത് സംഭവിച്ചാലും നാളുകളായി ക്രൈസ്തവർ അവിടെ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ കമ്മ്യൂണിക്കേഷൻസിന്റെയും, സ്ട്രാറ്റജിക് പ്ലാനിങിന്റെയും സഹ അധ്യക്ഷൻ ആൻഡ്രൂ വാൽത്തർ പ്രസ്ഥാവിച്ചു. ഏതാനും നാളുകൾക്കു മുന്‍പ് വരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെ നേരിട്ട ക്രൈസ്തവരുടെ സുരക്ഷയ്ക്കും, അതിജീവനത്തിനുമാകണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും അമേരിക്കന്‍ പതാകകള്‍ നശിപ്പിക്കപ്പെട്ടു.അതിനിടയിൽ ചിലർ ഇസ്രയേലി പതാകകൾക്കും തീകൊളുത്തി.