പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങൾ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധം എന്ന് പ്രഖ്യാപനം
കറാച്ചി : പാക്കിസ്ഥാനിലെ ന്യുനപക്ഷ വിഭാഗമായ ക്രൈസ്തവരും മറ്റ് മത വിഭാഗക്കാരും പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന വിചിത്ര പ്രഖ്യാപനവുമായി ലാഹോറിലെ ഇസ്ലാമിക മതവിദ്യാഭ്യാസ സ്ഥാപനമായ ജാമിയ അഷറഫിയ രംഗത്ത് വന്നു. ഇതിനോടകം രാജ്യത്ത് ക്രൈസ്തവരും കടുത്ത വിവേചനമാണ് ഏറ്റുവാങ്ങുന്നത്. ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍, അമുസ്ലീങ്ങളുടെ നിലവിലുള്ള ആരാധാനാലയങ്ങള്‍ തുടരാമെങ്കിലും, ആരാധനാലയങ്ങളുടെ പുനര്‍നിര്‍മ്മാണവും, പുതിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും ശരിയത്ത് നിയമപ്രകാരം കുറ്റകരമാണെന്ന് ജൂണ്‍ 30ന് പുറത്തുവിട്ട പ്രസ്താവനയിൽ പരാമർശിക്കുന്നു. ഈ അടുത്ത ദിവസങ്ങളിൽ ഇസ്ലാമാബാദില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ തറകല്ലിടല്‍ നടന്ന പശ്ചാത്തലത്തിലാണ് ജാമിയ അഷറഫിയയുടെ ഈ പ്രഖ്യാപനം. ഇസ്ലാമാബാദില്‍ പുതിയ ആരാധനാലയം നിര്‍മ്മിക്കുന്നത് പാക്കിസ്ഥാന്റെ ആത്മാവിന് എതിരാണെന്ന് പഞ്ചാബ് അസംബ്ലി സ്പീക്കറായ പെര്‍വേസ് ഇലാഹി ഇതിനോടകം പ്രസ്താവിച്ചിട്ടുണ്ട്. ” ഇസ്ലാമിന്റെ പേരിലാണ് ഈ രാഷ്ട്രം ഉണ്ടായത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ല”, ഇലാഹി കൂട്ടിച്ചേര്‍ത്തു.