നാന്റസ് കത്തീഡ്രലിൽ തീപിടിത്തം; ആസൂത്രിതം എന്ന് സംശയം
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റസ് നഗരത്തിലെ ദൈവാലയത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്ന് സംശയം ഉടലെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. നാടിനെ നാടുക്കിയ സംഭവം, ഇന്നലെ രാവിലെയാണു ഉണ്ടായത്. നൂറോളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ പരിശ്രമിച്ച് തീയണച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ ഗോഥിക് മാതൃകയിൽ നിർമിച്ച പള്ളിക്കുള്ളിലെ വലിയ ഓർഗണും മുൻഭാഗത്തെ ഇരട്ട ഗോപുരങ്ങൾക്കു നടുവിലെ ചിത്രാങ്കിതമായ ചില്ലു ജനാലയും നശിച്ചു. മേൽക്കൂരയിലേക്കു തീപടരാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്. അതേസമയം, കഴിഞ്ഞവർഷം പാരീസിലെ നോത്ര്ദാം കത്തീഡ്രലിലുണ്ടായ തീപിടിത്തവുമായി താരതമ്യം ചെയ്താൽ ഇവിടെ നാശനഷ്ടങ്ങൾ കാര്യമായി ഇല്ലെന്ന് അധികൃതർ അറിയിച്ചു. പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഓർഗൺ പൂർണമായി നശിച്ചു. ഫ്രാൻസിന്റെ ദേശീയ പൈതൃക പട്ടികയിൽപ്പെട്ട ഈ കത്തീഡ്രലിന്റെ നിർമാണം 1434ലാണ് ആരംഭിച്ചത്. 457 വർഷമെടുത്ത് 1891ൽ പൂർത്തിയാക്കി. നാന്റസ് മെത്രാസന പള്ളിയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ, 1944ൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ പള്ളിക്കു വ്യാപക നാശനഷ്ടങ്ങൾ നേരിട്ടു. 1972ൽ മേൽക്കൂര തകർന്ന സംഭവവുമുണ്ടായി.