പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് നീതി തേടി വീണ്ടും കോടതിയില്‍

0 4,423

റാവല്‍പിണ്ടി: തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്ത പ്രതിയ്ക്കൊപ്പം ജീവിയ്ക്കുവാന്‍ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് നീതി തേടി വീണ്ടും കോടതിയില്‍. സെപ്റ്റംബര്‍ 23ന് റാവല്‍പിണ്ടി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റു കാട്ടി ഭര്‍ത്താവാണെന്ന് അവകാശപ്പെടുകയും ചെയ്ത മൊഹമ്മദ്‌ നാകാഷ് കോടതി നിര്‍ദ്ദേശിച്ച പ്രകാരം തെളിവുകളുമായി ഹാജരായില്ല.

മരിയയുടെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, വിവാഹം അവളുടെ ഇഷ്ടത്തിനു വിരുദ്ധമായിരുന്നുവെന്നുമുള്ള വാദം കണക്കിലെടുത്ത് മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റെക്കോര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടുന്ന തെളിവുകളുമായി ഹാജരാകുവാന്‍ നാകാഷിനോട് റാവല്‍പിണ്ടി കോടതി ആവശ്യപ്പെട്ടിരുന്നു. മരിയ ഇസ്ലാമിലേക്ക് മതംമാറി എന്ന നാകാഷിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് സാധുത നല്‍കിയ മുന്‍ കോടതിവിധി ശരിയാണോ എന്ന്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെളിവുകള്‍ പുനഃപരിശോധിക്കുവാന്‍ റാവല്‍പിണ്ടി കോടതി തീരുമാനിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

നാകാഷിന് തെളിവുകൾ ഹാജരാക്കാനായില്ലെങ്കിലും വിവാഹം നടത്തിയെന്ന് അവകാശപ്പെടുന്ന സമയത്ത് മരിയക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നതെന്ന് തെളിയിക്കുന്ന യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് മരിയയുടെ അഭിഭാഷക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നാകാഷ് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരിക്കുന്ന മുസ്ലീം പുരോഹിതന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തേ തന്നെ മൊഴി നല്‍കിയിരിന്നു. തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ, പ്രതി തന്നെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതാണെന്നും, തനിക്ക് ലഹരിവസ്തു നല്‍കിയെന്നും, നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതംമാറ്റി വിവാഹം ചെയ്തുവെന്നതു മുള്‍പ്പെടെ നിരവധി പരാതികളാണ് നാകാഷിനെതിരെ പോലീസില്‍ നല്‍കിയത്.

തന്നേയും തന്റെ കുടുംബത്തേയും കൊല്ലുമെന്നും, തന്നെ ബലാല്‍സംഗം ചെയ്തതിന്റെ വീഡിയോ പുറത്തുവിടുമെന്നും നാകാഷ് ഭീഷണിപ്പെടുത്തിയതായുംവേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും മരിയ വെളിപ്പെടുത്തി. നാകാഷ് മരിയയെ വീണ്ടും തട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് മരിയയുടെ മാതാപിതാക്കളെന്ന് അവരുടെ അഭിഭാഷകയായ സുമെരാ ഷഫീഖ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ -നോടു പറഞ്ഞു. തെളിവുകളെല്ലാം മരിയക്ക് അനുകൂലമാണെങ്കിലും, കേസ്‌ ജയിച്ചാല്‍ പോലും അവളും കുടുംബവും സുരക്ഷിതരായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും ഫൈസലാബാദിലെ മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി ‘നല്ല ഭാര്യയായി ജീവിക്കു’വാനായിരിന്നു ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം. മരിയ രക്ഷപെട്ട ശേഷം തന്റെ ഭാര്യയെ അവളുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി എന്നു കാട്ടി നാകാഷും പരാതിപ്പെട്ടിരുന്നു.

You might also like
Comments
Loading...