നൈജീരിയയിൽ ക്രൈസ്തവഹത്യ തുടരുന്നു: പ്രതികരിക്കാതെ അധികാരികൾ.
മിയാംഗോ: നൈജീരിയയിലെ ഫുലാനി ഗോത്രക്കാരായ ഇടയന്മാരുടെ തുടർമാനമായ കൂട്ട ആക്രമണത്തിൽ കിസ്ത്യൻ യുവതികളും ആറുവയസ്സുകാരനും കൊല്ലപ്പെട്ടപ്പോൾ, മറ്റു പലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു; അവരിൽ ചിലരെയെങ്കിലും വധിച്ചിട്ടുണ്ടാവാം – റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ‘മിയാംഗോ’ ജില്ലയിലെ ‘ക്പാചുടു’ ഗ്രാമത്തിൽ, ഈ മുസ്ലീം തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട അസാബി ജോണിന് ഇരുപത്തിയഞ്ചും മേരി ആൻഡ്രൂവിനും പതിനെട്ടു വയസുമായിരിന്നു പ്രായം; ഒപ്പം മരിച്ചത് ആറുവയസ്സുകാരൻ ഇമ്മാനുവൽ ഡേവിഡും. കഴിഞ്ഞ ആഴ്ച പ്ലേറ്റോ സംസ്ഥാനത്ത് ഫുലാനികൾ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ നേതാവായ ബുലുസ് ചുവാങ് ജെങ്ഗ എന്ന 64 വയസ്സുകാരനുൾപ്പെടെ എട്ടുപേർ കൊല ചെയ്യപ്പെട്ടിരുന്നു. ഭാര്യയുടെയും, മകന്റെയും കൺമുമ്പിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. കുടുംബത്തോടൊപ്പം ടിവിയിൽ ആത്മീക പ്രോഗ്രാം കണ്ടു കൊണ്ടിരിക്കെ മൊബൈലിൽ വിളിച്ചു വീടിനു പുറത്തിറക്കിയാണ് അക്രമികൾ കൃത്യം നടത്തിയത്.
സെപ്റ്റംബർ 24നു വിവാങ് ജില്ലയിൽ ഫുലാനികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് കത്തോലിക്ക വിശ്വാസികൾക്ക് ജീവൻ നഷ്ടമായി. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ തൊട്ടുതലേന്നു ഫുലാനികൾ വയലിൽ ജോലിചെയ്തിരുന്ന ഒമ്പത് പേരെ പരിക്കേൽപ്പിച്ചിരിന്നു. സെപ്റ്റംബർ മാസം ഇതിന് സമാനമായി ക്രൈസ്തവർക്ക് നേരെ നിരവധി ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. തങ്ങളുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനാണ് ഫുലാനികൾ ശ്രമം നടത്തുന്നതെന്നു ക്രൈസ്തവ നേതാക്കൾ പറയുന്നു. പുറത്തറിയുന്നതിനേക്കാൾ മരണസംഖ്യ ഉയർന്നതാണെന്നു പറയപ്പെടുന്നു.
Download ShalomBeats Radio
Android App | IOS App
ഇപ്പോഴത്തെ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, ഫുലാനി വിഭാഗക്കാരനാണ്. എന്നാൽ ഫുലാനികളുടെ അതിക്രമങ്ങൾ തടയാൻ വേണ്ടി പ്രസിഡന്‍റ് നടപടിയെടുത്തിട്ടില്ലായെന്ന ആരോപണം ശക്തമാണ്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വംശഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളോട് ജനുവരി 30നു ‘ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ’ എന്ന സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ ബ്രിട്ടീഷ് ബിഷപ്പുമാരും ആശങ്ക പ്രകടിപ്പിച്ചിരിന്നു.