ക്രൈസ്തവ വിരുദ്ധതയെ ലോകരാജ്യങ്ങൾ ശക്തമായി എതിർക്കേണ്ടത് ആവശ്യം: ബ്രസിൽ പ്രസിഡന്റ്
സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കെതിരെ (Christanophobia) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊനാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഓണ്‍ലൈനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യമാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വത്തെന്നും, മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രൈസ്തവവിരുദ്ധതക്കെതിരെ ഒന്നിച്ചു നിൽക്കുവാൻ അന്താരാഷ്‌ട്ര സമൂഹത്തോടു ആഹ്വാനം ചെയ്യുന്നുവെന്നും ബോള്‍സൊനാരോ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു.
Download ShalomBeats Radio
Android App | IOS App
ലോകത്തെ ഏറ്റവും പ്രമുഖ യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കളില്‍ ഒരാളായിട്ടാണ് ബോള്‍സൊനാരോ പരിഗണിക്കപ്പെടുന്നത്. കുടുംബം അടിസ്ഥാനമാക്കിയുള്ള ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ രാഷ്ട്രമാണ് ബ്രസീല്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അക്രമങ്ങളും, മതപീഡനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോള്‍സൊനാരോ പരാമര്‍ശം നടത്തിയതെന്നു നിരീക്ഷിക്കപ്പെടുന്നു. ക്രൈസ്തവര്‍ക്ക് വേണ്ടി ഇതിനു മുന്‍പും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇസ്ലാമോഫോബിയയ്ക്കെതിരെ ശബ്ദമുയർത്തുന്നവർ ക്രിസ്ത്യാനോഫോബിയയിൽ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്.
ഏകാധിപത്യ മനോഭാവമുള്ള രാഷ്ട്രങ്ങളില്‍, കോവിഡ് – 19 വ്യാപനത്തെ മതപീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറയാക്കി മാറ്റിയിട്ടുണ്ടെന്ന് യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളുടെ പേരിൽ ചൈനയില്‍ ക്രൈസ്തവർ അറസ്റ്റിലായതും, മതപീഡനം കാരണം പലായനം ചെയ്ത ക്രൈസ്തവർക്ക് എറിത്രിയയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും ഐക്യരാഷ്ട്ര സഭയുടെ സഹായവും നിഷേധിക്കപ്പെടുകയും ചെയ്തതും ചൈനയിലെ റിലീസ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള, ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര പരാമര്‍ശിക്കുന്നില്ലെന്ന് ബ്രസീലിയൻ എഴുത്തുകാരനായ ജൂലിയോ സെവ്രോ പറഞ്ഞു.