രണ്ടാം ദേവാലയ കാലഘട്ടത്തിലെ യഹൂദ സ്നാനഘട്ടം (മിക്വെ) കണ്ടെത്തി
ടെൽ അവീവ്: 2,000 വർഷത്തിലധികം പഴക്കമുള്ള മിക്വെ എന്നു വിളിക്കുന്ന യഹൂദ സ്നാനഘട്ടം ഗലീലിയിൽ ഒരു പുരാതന കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തു. ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തൽ ലഭിച്ചത്. ഈ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ദേശീയപാത നിർമാണത്തോടനുബന്ധിച്ചാണിതു കണ്ടെത്തിയതെന്നു റിപ്പോർട്ടുകൾ പറയുന്നു.
“ഈ പുരാതന കൃഷിയിടത്തിലെ താമസക്കാർ യഹൂദരായിരുന്നുവെന്നും തോറയിൽ അധിഷ്ഠിതമായി മതപരവും പരമ്പരാഗതവുമായ വിശുദ്ധ ജീവിതരീതി ഇവർ നയിച്ചതായും ഈ ശുദ്ധീകരണകേന്ദ്രം വ്യക്തമായി സൂചിപ്പിക്കുന്നു. രണ്ടാം ദേവാലയ കാലംമുതൽ ഇന്നുവരെ യഹൂദന്മാർ ആചാരപരമായ സ്റ്റാനങ്ങൾ തുടരുന്നുണ്ട്”, ഖനന ഡയറക്ടർമാരായ അബ്ദുൽ എൽഗാനി ഇബ്രാഹിം, ഡോ. വാലിദ് ആട്രാഷ് എന്നിവർ വിശദീകരിച്ചു.
Download ShalomBeats Radio
Android App | IOS App
“ഈ കൃഷിയിടത്തിലെ മിക്വെയുടെ കണ്ടെത്തൽ രണ്ടാം ആലയ കാലഘട്ടത്തിലെ യഹൂദന്മാരുടെ ജീവിതരീതിയെക്കുറിച്ച് നമ്മുടെ അറിവിനെ പാടെ മാറ്റുന്നു. ഇതുവരെ ഞങ്ങൾ ഗലീലിയിലെ യഹൂദ ഫാമുകൾ കണ്ടെത്തിയിരുന്നില്ല. റോമൻ കാലഘട്ടത്തിലെ ജൂതന്മാർ ഗ്രാമങ്ങൾക്കോ പട്ടണങ്ങൾക്കോ പുറത്തുള്ള ഫാമുകളിൽ താമസിച്ചിരുന്നില്ലെന്ന് കണക്കാക്കപ്പെട്ടു. ശിഖിൻ ഗ്രാമത്തിൽ നിന്നും വലിയ ജൂത പട്ടണമായ സെഫോറിസിൽ നിന്നും കുറച്ച് അകലെയുള്ള കൃഷിയിടത്തിന്റെ കണ്ടെത്തൽ, ജൂതന്മാരും കൃഷിസ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയതായി കാണിച്ചു തരുന്നു; ഇത് സെഫോറിസിന്റെ ഗ്രാമീണ ഉൾപ്രദേശമായിരുന്നിരിക്കാം.”അവർ തുടർന്നു
യഹൂദ ചരിത്രത്തിലെ രണ്ടാമത്തെ ആലയ കാലഘട്ടം 516 ബി.സി. മുതൽ അതു തകർക്കപ്പെട്ട 70 എ.ഡി. വരെയാണ്. പരീശന്മാർ, സദൂക്യർ, എസ്സീന്യർ, എരിവുകാർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നീ വിഭാഗങ്ങൾ ഈ കാലഘട്ടത്തിൽ രൂപപ്പെട്ടു. 70 A.D. യിൽ റോമാക്കാർ വിശുദ്ധനഗരം പിടിച്ചെടുത്തു ആലയം നശിപ്പിച്ചു.