തുർക്കിയുടെ ക്രൈസ്തവ വിരോധത്തിനെതിരെ നടപടി വേണം: അമേരിക്കയോട് ക്രിസ്ത്യൻ മനുഷ്യാവകാശ നേതാക്കള്‍

0 1,337

വാഷിംഗ്ടണ്‍ ഡി.സി: നാഗൊർനാ-കാരബാക്ക് സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ ഏകപക്ഷീയമായ ഇടപെടലിനെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടു ആവശ്യപ്പെട്ടു. “തുര്‍ക്കിയുടെ വർദ്ധിച്ച ക്രിസ്ത്യന്‍ ഉന്മൂലനത്തോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിശബ്ദത” എന്ന വിഷയത്തെ ആസ്പദമാക്കി ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചക്കിടയിലാണ് തുര്‍ക്കിയുടെ ക്രൈസ്തവവിരുദ്ധതക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. ക്രൈസ്തവര്‍ക്കെതിരായ ശത്രുതയാണ് തുര്‍ക്കിയുടെ നടപടിക്ക് പിന്നിലെ കാരണമെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ നല്‍കി.

അര്‍മേനിയ – അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി നടത്തുന്ന മതപരമായ ഇടപെടലുകളായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു. ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ പ്രസിഡന്റ് തൗഫീക്ക് ബക്ലീനി, അമേരിക്കയിലെ അര്‍മേനിയന്‍ നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരം ഹാംപര്യാന്‍, നാഗൊർനോ – കാരബാക്ക് റിപ്പബ്ലിക്കിന്റെ അമേരിക്കയിലെ സ്ഥിരപ്രതിനിധി റോബര്‍ട്ട് അവെട്ടിസ്യാന്‍, അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്കേല്‍ റൂബിന്‍, ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സിലെ റിച്ച് ഗാസല്‍, ഹെല്ലെനിക്ക് അമേരിക്കന്‍ നേതൃത്വ സമിതിയിലെ എന്‍ഡി സെമെനിദസ് തുടങ്ങിയ പ്രമുഖരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. അമേരിക്കയുടെ നിലവിലെ തുര്‍ക്കിയെ സംബന്ധിച്ചുള്ള നയം ആശാവഹമല്ലന്നും, ക്രൈസ്തവർക്കെതിരായ തുര്‍ക്കിയുടെ ശത്രുതയുടെ വെളിച്ചത്തില്‍ ട്രംപും, കോണ്‍ഗ്രസ്സും തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്നും ബക്ലീനി ആവശ്യപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

അന്താരാഷ്‌ട്ര കരാറുകള്‍ ലംഘിച്ചതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. 2019-ല്‍ വടക്കന്‍ സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ ഏതാണ്ട് 800 പ്രാവശ്യമാണ് തുര്‍ക്കി ലംഘിച്ചതെന്ന്‍ റിച്ച് ഗാസല്‍ ചൂണ്ടിക്കാട്ടി. അര്‍മേനിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുര്‍ക്കിക്ക് പങ്കുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചു. അര്‍മേനിയന്‍ ജനതയോട് മാത്രമല്ല, ക്രൈസ്തവലോകത്തോട് മുഴുവനുമാണ് തുര്‍ക്കിയുടെ ശത്രുതയെന്നു മൈക്കേല്‍ റൂബിന്‍ പറയുന്നു.

മുന്‍പ് സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയയും, അസര്‍ബൈജാനും തമ്മിലുള്ള യുദ്ധത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയക്കെതിരെ പോരാടുവാന്‍ മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗങ്ങളായ തീവ്രവാദികളെ തുര്‍ക്കി സിറിയയില്‍ നിന്നും കയറ്റിവിട്ടിട്ടുണ്ടെന്ന റിപ്പോർട്ടും അടുത്ത നാളിൽ പുറത്തുവന്നിരിന്നു. ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത നടപടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന പൊതുവികാരം ആഗോളതലത്തില്‍ തന്നെ പ്രബലപ്പെടുകയാണ്.

You might also like
Comments
Loading...