ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്ഥാനിൽ തുടർക്കഥയാകുന്നു

0 695

കറാച്ചി: പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനില്‍ തുടർക്കഥയാകുന്നു. കറാച്ചിയിലെ സെൻറ് ‌ ആൻ്റണി ഇടവകാംഗമായ ആര്‍സൂ മസി എന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രദേശവാസിയായ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.
രാജാ ലാല്‍ മസി, റീത്ത മസി ദമ്പതികളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് ആര്‍സൂ.
സ്വന്തം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അലി അസ്ഹര്‍ അവളെ തട്ടിക്കൊണ്ടുപോയത്. ഒക്ടോബര്‍ 13നാണ് സംഭവം.

Download ShalomBeats Radio 

Android App  | IOS App 

താനും ഭര്‍ത്താവും ജോലിക്കു പോയിരിക്കുകയായിരുന്നെന്നും, തങ്ങളുടെ ഒരു ബന്ധു ഫോണ്‍ വിളിച്ചറിയിച്ചപ്പോഴാണ് മകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നുമാണ് ആര്‍സൂവിന്റെ അമ്മയായ റീത്ത മസി പറയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അവര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് പതിവ് ശൈലി ആവർത്തിക്കുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആര്‍സൂവിന് 18 വയസ്സായെന്നും, അലി അസ്ഹറിനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെടുന്ന രേഖകള്‍ കാണിക്കുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത തങ്ങളുടെ മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് തങ്ങള്‍ക്ക് ഭയമുണ്ടെന്നു രാജാ ലാല്‍ മസി പറഞ്ഞു. സഭാ അധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്ന്, നിയമനടപടികള്‍ ആരംഭിക്കുന്നതിന് വേണ്ട സഹായം ചെയ്യാമെന്ന് ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌’ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത നടപടിയെ അപലപിച്ചുകൊണ്ട് നാഷണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ഷാബ്ബിര്‍ ഷഫ്കാത്ത് രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിന്റെ പ്രധാന ഉപാധിയായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ മോചിതയായ വാർത്ത വന്നു അധികം നാളാകുന്നതിന് മുൻപാണ് വീണ്ടും സമാനമായ വാർത്ത പുറത്തുവരുന്നത്. മതന്യൂനപക്ഷത്തില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കുന്നത് കുറ്റകരമാക്കണമെന്ന്, ഈ വര്‍ഷം മാര്‍ച്ചില്‍ പാക്കിസ്ഥാനി മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എങ്കിലും
പ്രത്യക്ഷമായിത്തന്നെ ഈ വിലക്കുകൾ ലംഘിക്കപ്പെടുന്നു.

You might also like
Comments
Loading...