ആർസു മസിക്ക് നീതി തേടി പാകിസ്ഥാനിൽ വൻ പ്രതിഷേധവും ധർണ്ണയും

0 1,206

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാൻ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി. “ആര്‍സൂവിനെ തിരികെ തരൂ, തട്ടിക്കൊണ്ടുപോയവരെ ശിക്ഷിക്കൂ” എന്നീ മുദ്രാവാക്യങ്ങളുമായി ഒക്ടോബര്‍ 24ന് കറാച്ചി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ ക്രൈസ്തവര്‍ക്കും, ഹൈന്ദവര്‍ക്കും പുറമേ ഏതാനും മുസ്ലീങ്ങളും പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുടേയും, മനുഷ്യാവകാശ സംഘടനകളുടേയും സഹായത്തോടെ പാക്കിസ്ഥാനിലെ ‘നാഷണല്‍ പീസ്‌ കമ്മിറ്റി ഇന്റര്‍ഫെയിത്ത് ഹാര്‍മണി’യാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ആര്‍സൂവിന് നീതി ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നാഷണല്‍ പീസ്‌ കമ്മിറ്റിയുടെ സിന്ധ് മേഖലാ ചെയര്‍മാനായ നസീര്‍ റാസ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് അലി അസ്ഹര്‍ എന്ന നാല്‍പ്പതുകാരനായ മുസ്ലീം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സു മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ആര്‍സുവിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും, അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അലി അസ്ഹറിന്റെ കൂടെ ഇറങ്ങിവന്നതെന്നും തെളിയിക്കുന്ന രേഖകള്‍ തട്ടിക്കൊണ്ടുപോയ വ്യക്തി ഹാജരാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് ആര്‍സുവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്.

രാജ്യത്തെ മുസ്ലീങ്ങളല്ലാത്ത പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് ഫലപ്രദമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്നും നസീര്‍ റാസ പറഞ്ഞു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയംഗവും സിന്ധ് പ്രവിശ്യയിലെ അസംബ്ലി പ്രതിനിധിയുമായ അന്തോണി നവീദും ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചുവെന്നും അധികം താമസിയാതെ തന്നെ തീര്‍പ്പുണ്ടാകുമെന്നും നവീദ് അന്തോണി പറഞ്ഞു. ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മനുഷ്യജീവിക്കും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും, നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യുവാനോ, വിവാഹം ചെയ്യുവാനോ ആര്‍ക്കും അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ വൈസ് ചെയര്‍മാനായ അസദ് ബട്ട് ചൂണ്ടിക്കാട്ടി. ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരുന്നതാണ് ആര്‍സൂവിന്റെ കേസെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമപരമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാബിര്‍ മൈക്കേല്‍ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്റെ നില പരുങ്ങലിലാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...