ക്യൂബയിൽ ഏ.ജി. ആരാധനാലയം പൊളിച്ചു മാറ്റി, പാസ്റ്ററെ അറസ്റ്റു ചെയ്തു
സാന്റിയാഗോ ഡി ക്യൂബ: ചില വർഷങ്ങളായി ക്യൂബൻ ഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്ന ഒരു ആരാധനാലയം സാന്റിയാഗോ ഡി ക്യൂബയിലെ അധികാരികൾ പൊളിച്ചുമാറ്റി, സോഷ്യൽ മീഡിയയിൽ ചർച്ച് തകർക്കുന്ന ലൈവ് സ്ട്രീം ചെയ്ത ഒരു പാസ്റ്ററെ അറസ്റ്റ് ചെയ്തു.
2015 മുതൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഈ ചർച്ചിന് ഭീഷണിയുണ്ടായിരുന്നെന്ന് മനുഷ്യാവകാശ സംഘടനയായ സിഎസ്‌ഡബ്ല്യു റിപ്പോർട്ട് ചെയ്തു. ഇവിടെ റെയിൽ ട്രാക്കുകൾ നിർമ്മിക്കുന്നതിനാണ് പൊളിച്ചുമാറ്റിയതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ പൊളിക്കപ്പെട്ട ഒരേയൊരു കെട്ടിടമാണ് ആലയം എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Download ShalomBeats Radio
Android App | IOS App
അതേ പ്രദേശത്തു തന്നെ താമസിക്കുന്ന മറ്റൊരു സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അലൻ ടൊലെഡാനോ, സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ ലൈവായി പങ്കു വെച്ചു. ട്രക്ക്, ബുൾഡോസർ, ട്രാക്ടറുകൾ, പട്രോളിംഗ് കാറുകൾ, ഡസൻ കണക്കിന് ക്യൂബൻ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്റുമാർ എന്നിവർ കെട്ടിടത്തിന് ചുറ്റും നിൽക്കുന്നതും സഭാംഗങ്ങൾ പാട്ടുപാടിക്കൊണ്ടു നിൽക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
“ആയുധങ്ങളേക്കാൾ അവർ ആശയവിനിമയത്തെ ഭയപ്പെടുന്നു. ഈ വീഡിയോ പങ്കിടുക, ഇത് ഏതെങ്കിലും പ്രോഗ്രാമിന്റെ വീഡിയോയല്ല, ഇത് ക്യൂബൻ ഭരണകൂടം സഭയ്‌ക്കെതിരെ ആക്രമണം നടത്തുന്ന വീഡിയോയാണ്, ഇത് ദൈവജനത്തിനെതിരായുളള സർക്കാരിന്റെ ആക്രമണമാണ്”. പാസ്റ്റർ ടൊലെഡാനോ പറയുന്നുണ്ടായിരുന്നു, “ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകം കണ്ടെത്തട്ടെ, ഈ രാഷ്ട്രീയ വ്യവസ്ഥയുടെ യഥാർത്ഥ മുഖം, കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ യഥാർത്ഥ മുഖം.”
പാസ്റ്റർ ടൊലെഡാനോയെ ക്യൂബൻ പോലീസ് മോട്ടറിസാഡ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും സിഎംഡബ്ല്യു റിപ്പോർട്ട് ചെയ്യുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് പൊളിച്ചുമാറ്റിയതിനെയും പള്ളി അംഗങ്ങളെ അശരണരാക്കിയതിനെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്‌ഡബ്ല്യു സിഇഒ സ്‌കോട്ട് ബോവർ പ്രസ്താവനയിൽ പറഞ്ഞു. “ഈ പള്ളി 2015 മുതൽ ക്യൂബൻ സർക്കാരിന്റെ കണ്ണിലെ കരടു പോലെയായിരുന്നു. ഇപ്പോൾ അത് നശിപ്പിച്ചത് ഓരോ പൗരനും രാജ്യത്തുള്ള വിശ്വാസത്തിന്റെയും ആരാധനയുടെയും സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പാസ്റ്റർ ടൊലെഡാനോയെയും തന്റെ കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് പിന്മാറുവാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു”.