പതിറ്റാണ്ടുകൾ തടങ്കലില്‍ കഴിഞ്ഞ ചൈനീസ് രഹസ്യ സഭയിലെ ബിഷപ്പ് അന്തരിച്ചു
ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭയിലെ പുരോഹിതന്മാരിൽ പ്രമുഖനായ ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്ടാവോ (99) അന്തരിച്ചു. 27 വർഷം തടവിൽ കഴിഞ്ഞ അദ്ദേഹത്തിന് ലേബർ ക്യാമ്പിൽ നിർബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പ് ചൈനയിലെ അപ്പസ്തോലിക് വികാരിയത്തിന്റെ ചുമതലയുണ്ടായിരുന്ന കനേഡിയൻ മിഷ്ണറിമാരിൽ നിന്നും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മാവോ സേതുങ് അധികാരമേറ്റപ്പോൾ അദ്ദേഹത്തെ തടങ്കൽ പാളയത്തിലാക്കി. സർക്കാർ അംഗീകൃത സ്വതന്ത്ര സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു 1953 മുതൽ 1980 വരെയുള്ള 27 വർഷക്കാലം അദ്ദേഹം തടങ്കലിലായിരുന്നു.
Download ShalomBeats Radio
Android App | IOS App
ജയിൽ മോചിതനായ ശേഷം ചൈനീസ് സർക്കാർ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനായി ചാങ് ചുൻ യൂണിവേഴ്സിറ്റിയിലും പിന്നീട് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് ഭാഷാധ്യാപകനായി നിയമിച്ചു. ധാരാളം ചൈനക്കാർക്ക് ഗ്രീക്ക്, ലത്തീൻ തുടങ്ങിയ ഭാഷകളും സംസ്ക്കാരവും പഠിക്കാൻ ഇത് അവസരം നല്കി. 1987ൽ വിരമിച്ചതിനു ശേഷം അദ്ദേഹം അജപാലന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായി. ലീജിയൻ ഓഫ് മേരിയുടെയും അദ്ദേഹം തന്നെ സ്ഥാപിച്ച ലാസ് ഹെർമ നാസ് ഡെൽമോണ്ടേ കാൽവരിയോ എന്ന സന്യാസസമൂഹത്തിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം നിസ്തുലമായ ഇടപെടലുകള്‍ നടത്തി. 1997 മുതൽ കർശനമായ നിരീക്ഷണങ്ങൾക്ക് വിധേയനായിരുന്നെങ്കിലും ഭീഷണിയുടെ നടുവിലായിരുന്ന തന്റെ അജഗണങ്ങൾക്ക് ഇടയില്‍ സേവനം ചെയ്യുന്നതിനായി രഹസ്യ യോഗങ്ങൾ അദ്ദേഹം സംഘടിപ്പിച്ചിരുന്നു.