1500 വര്‍ഷം പഴക്കമുള്ള “മറിയത്തില്‍ ജനിച്ച ക്രിസ്തു” എന്ന
പുരാതന ആലേഖനം കണ്ടെത്തി

0 1,074

ജെറുസലേം: വടക്കന്‍ ഇസ്രായേലിലെ ജെസ്രീലില്‍ നിന്നും ‘മറിയത്തില്‍ ജനിച്ച ക്രിസ്തു’ എന്നര്‍ത്ഥമുള്ള 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന ഗ്രീക്ക് ആലേഖനം കണ്ടെത്തിയതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ). ബൈസന്റൈന്‍ കാലഘട്ടത്തിലേതോ അല്ലെങ്കില്‍ ഇസ്ലാമിക കാലഘട്ടത്തിന്റെ പ്രാരംഭത്തിലേതോ എന്ന് കരുതപ്പെടുന്ന കെട്ടിടത്തിന്റെ മൊസൈക്ക് കൊണ്ട് നിര്‍മ്മിച്ച നടപ്പാതയില്‍ നിന്നുമാണ് പുരാതന ഗ്രീക്ക് ആലേഖനം കണ്ടെത്തിയത്. ജെസ്രീല്‍ താഴ്‌വരയിലെ തായിബ മേഖലയില്‍ റോഡ്‌ നിര്‍മ്മാണത്തിന് മുന്നോടിയായി സാച്ചി ലാങ്ങിന്റെയും കോജാന്‍ ഹാക്കുവിന്റെയും നേതൃത്വത്തിൽ നടത്തിയ ഖനനത്തിനിടയിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

“മറിയത്തില്‍ ജനിച്ച ക്രിസ്തു. ഏറ്റവും ദൈവഭയമുള്ളവനും ഭക്തനുമായ മെത്രാന്‍ തിയോഡോസിയൂസിന്റെയും തോമസിന്റെയും ഈ നിര്‍മ്മിതി അടിത്തറയില്‍ നിന്നും കെട്ടിപ്പടുത്തതാണ്. ഇവിടെ പ്രവേശിക്കുന്നവരെല്ലാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” – ഇതാണ് ആലേഖനത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് ജെറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകനായ ഡോ. ലിയാ ഡി സെഗ്നി വ്യക്തമാക്കി. കെട്ടിടം ആശ്രമമായിരുന്നില്ല മറിച്ച് ഒരു ദേവാലയമായിരുന്നെന്ന് വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു.

എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ തായിബ ഗ്രാമം ഉള്‍പ്പെട്ടിരുന്ന ബെയിറ്റ് ഷിയാന്‍ മെട്രോപ്പോളിസിന്റെ പ്രാദേശിക മെത്രാപ്പോലീത്തയായിരുന്നു തിയോഡോസിയൂസെന്നും, തിന്മക്കെതിരായ ആശീര്‍വാദവും സംരക്ഷണവും എന്ന നിലയില്‍ ഏതൊരു രേഖയുടേയും ആരംഭത്തില്‍ ‘മറിയത്തില്‍ ജനിച്ച ക്രിസ്തു’ എന്നെഴുതുന്ന പതിവ് ആ കാലഘട്ടത്തില്‍ വ്യാപകമായിരുന്നെന്നും ‘ഐ.എ.എ’യുടെ പുരാവസ്തു ഗവേഷകനായ യാര്‍ഡെന്നാ അലെക്സാണ്ട്രെ ചൂണ്ടിക്കാട്ടി. കുരിശുയുദ്ധക്കാലഘട്ടത്തിലെ ഒരു ദേവാലയത്തിന്റെ അവശേഷിപ്പുകളും പുരാതന ക്രിസ്ത്യന്‍ ഗ്രാമമായിരുന്ന തായിബയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും മുന്‍പ് നിര്‍മ്മാണം നടത്തേണ്ട സ്ഥലത്ത് പുരാവസ്തുക്കളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് ഇസ്രയേലിലെ നിയമം അനുശാസിക്കുന്നത്.

You might also like
Comments
Loading...