നൈജീരിയയിൽ ഭീകരർ വീണ്ടും വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിലെ ഭീകരവാദികളുടെ അക്രമണങ്ങളും ക്രൂരതകളും അവസാനിക്കുന്നില്ല. ആയുധധാരികളായ ഒരുസംഘം 317 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഫെബ്രുവരിയിലെ അവസാന വെള്ളിയാഴ്ച രാവിലെ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. പോലീസും പട്ടാളവും സംയുക്തമായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി.
Download ShalomBeats Radio
Android App | IOS App
യേശു ക്രിസ്തുവിനെ ത്യജിച്ച് ഇസ്ലാംമതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപാണ് ഇപ്പോഴത്തേത്. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അടുത്ത വർഷം 2018 ഫെബ്രുവരി 19 ന് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് ലീ ഷരീബു അടക്കമുള്ള 110 പെൺകുട്ടികളെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷെരീബു ഇപ്പോഴും ഭീകരരുടെ തടങ്കലിലാണ്. 2021 ഫെബ്രുവരി 19ന് ഇതിന്റെ മൂന്നാം വാർഷികമായിരുന്നു.
പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകറയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. നിഗർ ജില്ലയിൽ നിന്ന് ഫെബ്രുവരി 16ന് 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ഇനിയും മോചിപ്പിച്ചിട്ടില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തികഞ്ഞ പരാജയമാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്.