പാക്കിസ്ഥാനിൽ ക്രിസ്ത്യന്‍ കോളേജ് വിദ്യാർത്ഥിനിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി
ഗുജറാൻവാല: ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയായ പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത. ലാഹോറിലെ ഗുജറാൻവാലയിലുളള വുമൺസ് കോളേജിൽ പഠിച്ചിരുന്ന മെഹ്‌വിഷ് ബീബി എന്ന ക്രൈസ്തവ വിശ്വാസിയായ വിദ്യാർത്ഥിനിയെ മുഹമ്മദ് സാബിർ എന്ന ഇസ്ലാം മത വിശ്വാസി, വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടുപോയെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഏജൻസിയ ഫിഡെസ്’ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി പത്താം തീയതി രാവിലെ 8:10ന് കോളേജിലേക്ക് പോയ മെഹ്‌വിഷ് ബീബി പിന്നീട് തിരികെ എത്തിയില്ല. മകളെ കാണാതായപ്പോൾ പലരോടും തിരക്കിയെന്നും ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും മെഹ്‌വിഷിന്റെ പിതാവായ പത്രാസ് മാസിഹ് പരാതിയിൽ വിശദീകരിച്ചു.
Download ShalomBeats Radio
Android App | IOS App
മുഹമ്മദ് സാബിർ എന്ന വ്യക്തി രണ്ട് കൂട്ടാളികളോട് ഒപ്പം തോക്കുചൂണ്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ക്രൈസ്തവരായ ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിന്നു. വെളുത്ത പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടാണ് അവർ പോയതെന്ന്‍ മൊഴിയുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത് ഖേദകരമായ കാര്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഖാലിദ് ഷഹസാദ് ‘ഏജൻസിയ ഫിഡെസ്’നോട് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും തങ്ങളുടെ പെൺകുട്ടികളെ ഓർത്ത് ക്രൈസ്തവ മാതാപിതാക്കൾ വേവലാതിപ്പെടുന്നുവെന്നും, ആരും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് മതം മതം മാറ്റുന്നത് അവസാനിപ്പിക്കാൻ സർക്കാരിനോട് ദീർഘനാളായി സഭാനേതൃത്വം ആവശ്യപ്പെട്ട് വരികയാണ്. ഇത്തരത്തിലുള്ള കേസുകളിൽ പ്രതികളായവർക്ക് ശിക്ഷ നൽകാത്തതാണ് വീണ്ടും അതിക്രമങ്ങൾ നടക്കാൻ സാഹചര്യമുണ്ടാക്കുന്നതെന്ന് നേതൃത്വം പറയുന്നു. സമാധാനത്തിനും, നീതിക്കും വേണ്ടിയുള്ള പാക്കിസ്ഥാൻ മെത്രാൻ സമിതിയുടെ ദേശീയ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും തട്ടിക്കൊണ്ടു പോയി, മതംമാറ്റത്തിന് വിധേയരായതു ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ആയിരത്തോളം പെണ്‍കുട്ടികളാണ്.