ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ വധിച്ചതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം

0 2,238

കെയ്റോ: ഈജിപ്തിലെ സീനായി മേഖലയില്‍ നിന്നും കോപ്റ്റിക് ക്രൈസ്തവ വിശ്വാസിയെ തട്ടിക്കൊണ്ടുപോയ പോയി കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളെ ഉന്മൂലനം ചെയ്തതായി ഈജിപ്ഷ്യൻ സുരക്ഷാസേന വെളിപ്പെടുത്തി. ക്രൈസ്തവരെയും വടക്കന്‍ സീനായി പ്രവിശ്യയില്‍ താമസിക്കുന്ന പോലീസ്, മിലിട്ടറി സേനാംഗങ്ങളേയും ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്ന്‍ സംശയിക്കപ്പെടുന്ന മൂന്നു തീവ്രവാദികളെ പോലീസ് പിന്തുടര്‍ന്ന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിങ്കളാഴ്ചത്തെ പ്രസ്താവനയിൽ പറയുന്നു. ബിര്‍ അല്‍-അബ്ദ് പട്ടണത്തില്‍ നിന്നുള്ള നബില്‍ ഹബാഷി സലാമ എന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസിയുടെ കൊലപാതകത്തിനുത്തരവാദികളാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്നു വ്യക്തമായിട്ടുണ്ട്. സലാമയുടെ കൊലപാതകത്തില്‍ കോപ്റ്റിക് സഭ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ആഭരണ വ്യാപാരി കൂടിയായിരുന്ന സലാമയെ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 20 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് മോചനദ്രവ്യമായി തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു എന്ന്‍ സഭയുമായി ബന്ധപ്പെട്ട ഒരു വ്യക്തി പറഞ്ഞതായി എ.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സീനായി മേഖല വിഭാഗം സലാമയെ കൊലപ്പെടുത്തുന്നതിന്റെ 13 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സലാമ മുട്ടിന്‍മേല്‍ നില്‍ക്കുന്നതും, അദ്ദേഹത്തിന്റെ പുറകിലായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ച മൂന്ന്‍ തീവ്രവാദികൾ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. താന്‍ സീനായി മേഖലയിലെ ഒരു ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകനാണെന്നും, മൂന്ന്‍ മാസത്തിലധികമായി താന്‍ തീവ്രവാദികളുടെ തടവിലാണെന്നും സലാമ പറയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സുരക്ഷാസേനയുമായി സഹകരിച്ചതിനാണ് തന്നെ തടവിലാക്കിയതെന്ന്‍ സലാമ പറയുന്നതും, തീവ്രവാദികളില്‍ ഒരാള്‍ ഭീഷണി മുഴക്കിയ ശേഷം സലാമയുടെ തലയ്ക്ക് പിറകില്‍ വെടിവെക്കുന്നതും വീഡിയോയില്‍ കാണാം.

ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മൊഹമ്മദ്‌ മോര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയ 2013 മുതല്‍ സിനായി ഉപദ്വീപ് ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിത്തുടങ്ങിയിരുന്നു. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും, സുരക്ഷാസേനയേയും ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങളാണ് തീവ്രവാദികള്‍ നടത്തിയത്.

You might also like
Comments
Loading...