പരിശോധനയുടെ പേരിൽ ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളം നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു

0 1,320

യങ്കൂൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാൻമറിലെ പട്ടാളഭരണകൂടം പരിശോധനയുടെ പേരിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. ദൈവാലയങ്ങളിൽ പട്ടാളം അതിക്രമിച്ച് കയറുന്ന സംഭവങ്ങൾ വ്യാപകമാകുകയാണെന്നും പലപ്പോഴും പരിശോധനകൾ അക്രമാസക്തമാകുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു, ജനാധിപത്യ പ്രക്ഷോപകർക്ക് അഭയം നൽകുന്നു എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് പട്ടാളക്കാർ ദൈവാലയങ്ങളിൽ അതിക്രമിച്ച് കയറി പരിശോധന നടത്തുന്നത്. പരിശോധനകളിൽ നിയമവിരുദ്ധമായ യാതൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെങ്കിലും ക്രൈസ്തവ സഭകൾക്ക് എതിരായ ഈ നീക്കത്തിന്റെ അടിസ്ഥാന കാരണം രാഷ്ട്രീയപരമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ദൈവാലയങ്ങൾക്ക് പുറമെ ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സൈനീക പരിശോധനകൾ നടക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

നിരവധി ആരാധനലായങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡുകൾ നടന്നെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ സ്ഥിരീകരിച്ചു. സൈനീക ഭരണകൂടത്തിന്റെ പ്രസ്തുത നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കച്ചിൻ സംസ്ഥാനത്തിലെയും മോഹ്നിൻ പട്ടണത്തിലെയും കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ആംഗ്ലിക്കൻ സഭകളുടെ നിരവധി ദൈവാലയങ്ങളിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വ്യാജ ആരോപണം നിരത്തി പട്ടാളം കഴിഞ്ഞ ദിനങ്ങളിൽ പരിശോധന നടത്തിയത്. ആയുധങ്ങളുമായി ദൈവാലയത്തിന് അകത്തു പ്രവേശിക്കുന്ന നടപടി വിശ്വാസീസമൂഹത്തെ അസ്വസ്ഥരാക്കുന്നതാണ്. സെമിത്തേരിയിൽ ഉൾപ്പെടെ പരിശോധന നടത്തി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണകൂടത്തിന് എതിരായ പ്രതിഷേധത്തിൽ മതനേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് പട്ടാളം ദൈവാലയത്തിൽ അതിക്രമിച്ചു കയറിയത്. ജനാധിപത്യം പുനസ്ഥാപിക്കാനും സമാധാനം സംജാതമാക്കാനും ക്രൈസ്തവസഭകൾ നടത്തുന്ന പരസ്യമായ ശ്രമങ്ങൾ പട്ടാള ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നുണ്ട്. കൂടാതെ, പട്ടാള ഭരണകൂടം അഴിച്ചുവിടുന്ന കിരാതമായ ആക്രമങ്ങൾ പുറംലോകത്ത് എത്തിക്കാൻ മതനേതൃത്വം നടത്തുന്ന ഇടപെടലും അവരെ ചൊടിപ്പിക്കുന്നു.

ദൈവാലയത്തിന്റെ മതിൽ ചാടിക്കടന്ന പട്ടാളക്കാർ മുഴുവൻ സ്ഥലവും പരിശോധിച്ചെന്ന് കച്ചിൻ ബാപ്റ്റിസ്റ്റ് കൺവെൻഷനിലെ (കെ.ബി.സി) റവ. ആങ് സെങ് വെളിപ്പെടുത്തി. അപ്രതീക്ഷിതമായ പരിശോധനയുടെ നടുക്കത്തിൽനിന്ന് അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ല. ‘ആരാധനാലയങ്ങളിൽ സൈന്യം ഇപ്രകാരമാണ് പെരുമാറുന്നതെങ്കിൽ വീടുകളിൽ എങ്ങനെയായിരിക്കും പെരുമാറുക.’ ദൈവാലയ പരിസരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും നിയമവിരുദ്ധമായ യാതൊന്നും പട്ടാളക്കാർക്ക് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനീക പരിശോധനകൾ മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പവിത്രമായ സ്ഥലങ്ങളിൽ ആയുധങ്ങളുമായി പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് നിന്ദ്യമാണെന്നും മതനേതാക്കൾ ചൂണ്ടിക്കാട്ടി.

You might also like
Comments
Loading...