ആഫ്രിക്കയിലെ പീഡിത ക്രൈസ്തവര്‍ക്ക് 95 ലക്ഷം ഡോളറിന്റെ സഹായവുമായി യു.എസ്. സന്നദ്ധ സംഘടന
വാഷിംഗ്ടണ്‍ ഡിസി/ അബൂജ: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിനും, മറ്റു മതപീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന പീഡിത ക്രൈസ്തവര്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് യു.എസ്.എ’യുടെ 95 ലക്ഷം ഡോളറിന്റെ (712,810,917 ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം. ഏപ്രില്‍ 21നാണ് എ.സി.എന്‍ നേതൃത്വം ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവിട്ടത്. കുരിശുമരണത്തിലേക്കുള്ള പാതയില്‍ യേശു സഹിച്ച സഹനങ്ങളോടാണ് എ.സി.എന്‍ നേതൃത്വം ആഫ്രിക്കന്‍ ക്രൈസ്തവരുടെ സഹനങ്ങളെ ഉപമിച്ചത്. ഈ സഹായം ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്ക് ചെറിയ ഈസ്റ്റര്‍ പ്രതീക്ഷ നല്‍കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എ.സി.എന്‍ എക്സിക്യുട്ടീവ് പ്രസിഡന്റ് ഡോ. തോമസ് ഹെയിനെ ഗെല്‍ഡേന്‍ പറഞ്ഞു.
Download ShalomBeats Radio
Android App | IOS App
ആഫ്രിക്കയില്‍ ക്രൈസ്തവര്‍ ഏറ്റവുമധികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നൈജീരിയ, നൈജര്‍, മൊസാംബിക്ക്, മാലി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ബുര്‍ക്കിനാ ഫാസോ, കാമറൂണ്‍, എന്നീ രാജ്യങ്ങളിലേക്ക് സംഘടന സഹായമെത്തിക്കും. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വൈദികരും, സമര്‍പ്പിതരും കൊല്ലപ്പെട്ട മറ്റൊരു മേഖലയും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്ക അതികഠിനമായ പീഢനങ്ങളിലൂടെ കടന്നുപോവുകയും, രക്തസാക്ഷികളുടെ ഭൂഖണ്ഡമായി മാറികൊണ്ടിരിക്കുകയായിരുന്നെന്നും, ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും, കൊലപാതകവും തിരസ്ക്കരണങ്ങളും, നാടകീയമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഡോ. തോമസ് ഹെയിനെ പറഞ്ഞു. വിവിധ മതങ്ങള്‍ തമ്മിലുള്ള സഹകരണവും, സാഹോദര്യവും വളര്‍ത്തുന്നതിനായി “ആഫ്രിക്കയില്‍ മതതീവ്രവാദമേല്‍പ്പിച്ച മുറിവുകളെ സുഖപ്പെടുത്തുക” എന്ന പേരില്‍ എ.സി.എന്‍ ആരംഭിച്ച പ്രോത്സാഹന പരിപാടി വിവിധ പദ്ധതികള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്. ആത്മീയവും മനശാസ്ത്രപരവുമായി പരിശീലന പദ്ധതികളേയും എ.സി.എന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നൈജീരിയയില്‍ പ്രത്യേകിച്ച് മൈദുഗുഡി അതിരൂപതയില്‍ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ മൂലം വിധവകളായ രണ്ടായിരത്തോളം സ്ത്രീകളുടേയും, അനാഥരുടേയും ഭീതിയകറ്റുവാന്‍ ട്രോമാ തെറാപ്പിസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയേയും എ.സി.എന്‍ സഹായിക്കുന്നുണ്ട്. മാസ്സ് സ്റ്റൈപ്പന്‍ഡും, സംഭാവനകളും വഴി വൈദികരെയും, കന്യാസ്ത്രീകളേയും സഹായിക്കുന്നതിനു പുറമേ, ഇടവകകള്‍ക്ക് തങ്ങളുടെ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിന് വേണ്ട സഹായങ്ങളും എ.സി.എന്‍ നല്‍കിവരുന്നുണ്ട്.