ക്രിസ്ത്യാനികള്‍ രാഷ്ട്രീയ അടിമകളാകരുതെന്ന് മെത്തഡിസ്റ്റ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍

0 899

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർ തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് ബിഷപ്പ് അസീരി പെരേര. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നീതിക്ക് വേണ്ടിയുള്ള ബൈബിളിലെ പോരാട്ടങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും, നമുക്ക് വിശ്വസിക്കുവാന്‍ കഴിയുന്ന ഏക ഉറവിടം അതാണെന്നും, ദൈവത്തിന്റെ നീതിയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടുവാനോ, ദൈവത്തെ ഭയപ്പെടുത്തുവാനോ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമികളുടെ പേരുകള്‍ മാത്രം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുള്ള അന്വേഷണത്തിന്റെ മെല്ലേപ്പോക്കു തുടരുമ്പോള്‍ രാഷ്ട്രീയ സങ്കീര്‍ണ്ണതകളുടെ ബന്ധികളാകുന്നതിനു പകരം ആക്രമണങ്ങള്‍ ഉണ്ടാക്കിയ മുറിവിനുമപ്പുറത്തേക്ക് പോകുന്നതിനായി തയാറാകണമെന്നു മെത്രാന്‍ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

നിര്‍ഭാഗ്യവശാല്‍ ഈ വിഷയം ഏറ്റെടുത്ത് മുതലെടുപ്പ് നടത്തുവാന്‍ രാഷ്ട്രീയക്കാരെ നമ്മള്‍ അനുവദിച്ചുവെന്നും, ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും പുറത്തായി മറ്റൊരു ഗവണ്‍മെന്റ് അധികാരത്തിലേറുവാന്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ കാരണമായെന്നും ‘ഏഷ്യാന്യൂസ്’നു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് അസീരി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ഉത്ഥിതനായവനെ ആഘോഷിക്കുന്നതിനിടയിലാണ് നിരപരാധികള്‍ കൊലപ്പെട്ടതെന്ന കാര്യം ചൂണ്ടിക്കാട്ടിയ ബിഷപ്പ്, നിരവധി ക്രിസ്ത്യാനികളുടെ മനസ്സില്‍ ‘ഈസ്റ്റര്‍ 2019′ ആക്രമണങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ ആരായാലും അവരില്‍ വിശ്വസിച്ചിട്ട് യാതൊരു ഫലവുമില്ലെന്ന വസ്തുത ക്രിസ്ത്യന്‍ സമൂഹം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു. കറുത്ത വസ്ത്രവും ധരിച്ച് മാര്‍ച്ച് നടത്തിയാലൊന്നും ഇന്നത്തെ ഫറവോമാരുടെ ഹൃദയം അലിയില്ല. മറിച്ച് തന്റെ ജനതയുടെ കരച്ചില്‍ കേള്‍ക്കുന്ന ദൈവത്തിലാണ് ആശ്രയിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട ഉറച്ച പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചു.

You might also like
Comments
Loading...