പെറുവിൽ ഇറ്റാലിയൻ മിഷ്ണറി കൊല്ലപ്പെട്ടു

0 996

ലിമ: പടിഞ്ഞാറൻ ലാറ്റിൻ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ മാറ്റോ ഗ്രോസൊ എന്ന സംഘടനയിലെ അംഗമായ ഇറ്റാലിയൻ മിഷ്ണറി നാദിയാ ഡി മുനാറി കൊല്ലപ്പെട്ടു. ഏപ്രിൽ 21 ബുധനാഴ്ചയാണ് പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 400 കിലോമീറ്റർ അകലെയുളള ‘മമ്മ മിയ’ എന്ന് പേരുള്ള ഓപ്പറേഷൻ മാറ്റോ ഗ്രോസൊയുടെ സ്ഥാപനത്തില്‍ അക്രമം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും വടിവാളും, കയറും ഉപയോഗിച്ചുള്ള ആക്രമണത്തിൽ മാരകമായി മുറിവേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിസ്ബത്ത് റാമിറസ് ക്രൂസ് എന്ന മറ്റൊരു സ്ത്രീയും ആക്രമിക്കപ്പെട്ടന്ന് ഇറ്റാലിയൻ മാധ്യമമായ കോറേറി ഡെല്ലാ സേറാ റിപ്പോർട്ട് ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ചൊവ്വാഴ്ച രാത്രി ഒമ്പതരയ്ക്ക് എല്ലാവരും വിശ്രമിക്കാനായി പോയെന്നും പുലർച്ചെ ആറരയ്ക്ക് പ്രാർത്ഥിക്കാനായി നാദിയായെ വിളിക്കാൻ എത്തിയപ്പോൾ തലയിൽ പരിക്കേറ്റ്, രക്തം വാർന്നു കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും നാദിയായുടെ കൂടെ താമസിച്ചിരുന്ന അധ്യാപകർ വെളിപ്പെടുത്തി. ഉടനെതന്നെ സമീപത്തുള്ള എലയാസർ ഗുസ്മാൻ ബാരോൺ ആശുപത്രിയിൽ അവരെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാദേശിക രൂപതയായ വിസൻസയുടെ മെത്രാൻ ബെന്യാമിനോ പിസിയോളും അനുശോചനം അറിയിച്ചു. മിഷ്ണറിയുടെ വിയോഗത്തില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ റോം വിഭാഗം ദുഃഖം രേഖപ്പെടുത്തി. ദരിദ്രരായവർക്ക് സേവനം നൽകുന്നതിന് യുവജനങ്ങൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ഇറ്റാലിയൻ വൈദികനായ ഫാ. യുഗോ ഡി സെസിയാണ് ഓപ്പറേഷൻ മാറ്റോ ഗ്രോസൊ ആരംഭിക്കുന്നത്. സംഘടന അഞ്ഞൂറോളം നിര്‍ധനരായ കുട്ടികൾക്ക് സ്ഥാപനത്തില്‍ വിദ്യാഭ്യാസം നൽകുന്നുണ്ട്. തീർത്തും ദരിദ്രരായ കുട്ടികൾക്കും അവരുടെ അമ്മമാർക്കും ഭക്ഷണവും തയാറാക്കി വിതരണം ചെയ്യുന്നതും ഇവരുടെ സേവന മേഖലയാണ്.

You might also like
Comments
Loading...