ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയ്ക്ക് ജയിൽ ശിക്ഷ ലഭിക്കുവാൻ സാധ്യത

0 456

ഹെല്‍സിങ്കി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത. പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു പ്രഖ്യാപിച്ചുവെന്ന് എഡിഎഫ് ഇൻറർനാഷണൽ എന്ന ക്രൈസ്തവ നിയമ സംഘടനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2004ലും 2018ലും നടത്തിയ പരാമർശങ്ങളുടെ പേരിൽ അഞ്ച് മക്കളുടെ അമ്മയായ പൈവിയുടെ ജയിൽ ശിക്ഷ നീണ്ടു പോകാനും സാധ്യതയുണ്ടെന്ന് എഡിഎഫ് ഇൻറർനാഷണൽ സൂചിപ്പിച്ചു. സ്വവർഗ്ഗാനുരാഗികൾക്കെതിരെ വിദ്വേഷം പരത്തി എന്നതാണ് എംപിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

Download ShalomBeats Radio 

Android App  | IOS App 

മതവിശ്വാസം പ്രഖ്യാപിക്കുന്നത് ജയിൽ ശിക്ഷയ്ക്ക് ഇടവരുത്തുക എന്ന സാഹചര്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പൈവി പറഞ്ഞു. സ്വവർഗാനുരാഗം തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പൗലോസ് ശ്ലീഹായുടെ റോമാക്കാർക്കുള്ള ലേഖനം1:24 – 27 വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ട് സഭ എൽജിബിടി റാലിക്ക് നൽകുന്ന പിന്തുണ ശരിയല്ലെന്ന് 2019 ജൂൺ മാസം പതിനേഴാം തീയതിയാണ് പൈവി ട്വിറ്ററിൽ കുറിച്ചത്. ഫേസ്ബുക്കിലും ഇതു തന്നെ അവർ പോസ്റ്റ് ചെയ്തു. തന്റെ ലക്ഷ്യം ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുക അല്ലായിരുന്നുവെന്നും, സഭയുടെ നേതാക്കളെ ലക്ഷ്യംവെച്ചാണ് അങ്ങനെ ചെയ്തതെന്നും കഴിഞ്ഞവർഷം ഫസ്റ്റ് തിങ്ങ്സ് മാസികയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ പൈവി പറഞ്ഞിരുന്നു. ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ, അപമാനിക്കുകയോ ചെയ്തിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മുഴുവൻ ബൈബിൾ പഠനങ്ങളിൽ അടിസ്ഥാനമുള്ളവയാണെന്നും ഫിൻലൻഡിലെ ആഭ്യന്തര മന്ത്രിയായി 2011- 2015 കാലയളവില്‍ സേവനം ചെയ്ത അവർ കൂട്ടിച്ചേർത്തു. 2019ൽ അവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രോസിക്യൂട്ടർ ജനറലിന്റെ ഉത്തരവ് വരാൻ ഒരു വർഷം വരെ പൈവി കാത്തിരിക്കേണ്ടിവന്നു.

അതേസമയം പൈവി റസനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ക്രൈസ്തവര്‍ രംഗത്തെത്തുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനശിലയാണെന്ന് എഡിഎഫ് ഇൻറർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ കോൾമാൻ പറഞ്ഞു. പൈവി റസനന് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ഭയത്തിന്റെ ഒരു സംസ്കാരം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5.5 മില്യൻ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു.

You might also like
Comments
Loading...