ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രി

0 1,033

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമാണെന്ന് പാലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കി. പാലസ്തീൻ അധികൃതർ ക്രൈസ്തവരെ അങ്ങനെയാണ് കാണുന്നതെന്നും, ക്രൈസ്തവരുടെ ശതമാനം എത്രയാണ് എന്നുള്ളത് പ്രസക്തമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാർ സ്വീകരിച്ച നടപടികൾ എന്താണെന്ന് ഏജൻസിയ ഫിഡെസ് മാധ്യമത്തോടു വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവ വിശ്വാസികൾ ഇസ്ലാംമത വിശ്വാസികളെക്കാൾ മുന്‍പേ പാലസ്തീനിൽ എത്തിയവരാണെന്നും വിശുദ്ധ നാടിനെപ്പറ്റി പറയുമ്പോൾ, ക്രൈസ്തവർ ഇല്ലാത്ത വിശുദ്ധ നാടിനെ കുറിച്ച് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രസിഡന്റായ മഹ്മൂദ് അബ്ബാസ് ക്രിസ്മസ് ദിവ്യബലിയിൽ പങ്കെടുക്കുന്ന ആളാണെന്നും തങ്ങളുടെ സന്ദേശം സഹിഷ്ണുതയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമാണെന്നും തങ്ങൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

132 അംഗ പലസ്തീൻ പാർലമെന്റിൽ ക്രൈസ്തവരുടെ സംവരണം അഞ്ച് സീറ്റിൽ നിന്ന് ഏഴ് സീറ്റായി ഉയർത്തിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലസ്തീനിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയവരെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ക്രൈസ്തവരുടെ ജനസംഖ്യ ഏഴ് ശതമാനത്തിൽ താഴെ ആണെങ്കിലും അവർക്ക് ഏഴ് ശതമാനം സംരക്ഷണം നൽകുന്നത്. ക്രൈസ്തവർക്ക് നേരെ അസഹിഷ്ണുതാപരമായ പെരുമാറ്റം പാലസ്തീൻ സമൂഹത്തിൽനിന്ന് ഏതാനും നാളുകളായി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസിന് ഗാസാ മുനമ്പിൽ ക്രൈസ്തവ വിശ്വാസികളുടെ ആഘോഷങ്ങളിൽ ഇസ്ലാം മത വിശ്വാസികൾ പങ്കെടുക്കരുതെന്ന് ഇസ്ലാമിക പാർട്ടിയായ ഹമാസ് നിർദേശം നൽകിയിരുന്നു. എന്നാൽ അങ്ങനെയുള്ള സമീപനം പാലസ്തീന്റെ സംസ്കാരത്തിന്റെയും, ചരിത്രത്തിന്റെയും ഭാഗമല്ല. പാലസ്തീന്റെ വിവിധഭാഗങ്ങളിലുള്ള മതവിശ്വാസികളും, അവിശ്വാസികളും എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് ഹമാസ് തങ്ങളുടെ ഉത്തരവ് പിൻവലിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് ആറാം തീയതി പാലസ്തീനിലെയും, പശ്ചിമേഷ്യയിലെയും സ്ഥിതിഗതികളെ പറ്റി അൽ മാലിക്കി വത്തിക്കാൻ വിദേശകാര്യ മന്ത്രിയായ ആർച്ച് ബിഷപ്പ് പോൾ ഗല്ലഹറുമായി സംസാരിച്ചിരുന്നു. ജെറുസലേമിൽ ക്രൈസ്തവരുടെയും, ഇസ്ലാം മത വിശ്വാസികളുടെയും ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നതും, വിശുദ്ധ സ്ഥലങ്ങളിലേക്ക് അവർക്ക് പ്രവേശനം നിഷേധിക്കുന്നതുമായ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അൽ മാലിക്കി സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like
Comments
Loading...