മഹാമാരിക്കിടെ ആശ്വാസതീരത്ത് ബ്രിട്ടൻ: അധിക ഇളവുകൾ പ്രഖ്യാപിച്ചു

0 1,147

ലണ്ടൻ: കോവിഡ് മഹാമാരിക്കിടെ കൂടുതൽ ആശ്വാസ വാർത്തകൾ വന്നു തുടങ്ങിയതോടെ അടുത്തയാഴ്ച മുതൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകളുമായി ബ്രിട്ടൻ. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കി, തുടർച്ചയായ രണ്ടാം ദിവസവും മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും തിങ്കളാഴ്ച നാലുപേരും മാത്രമാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടുമാസം മുമ്പ് പ്രതിദിനം രണ്ടായിരം പേർ മരിച്ചിരുന്ന സ്ഥിതിയിൽനിന്നാണ് സാധാരണ നിലയിലേക്കുള്ള ഈ മടക്കം. മാസ്ക് ഒഴിവാക്കുന്നതും അകലം പാലിക്കുന്നത് നിർത്തലാക്കുന്നതും നൈറ്റ് ക്ലബുകൾ തുറക്കുന്നതും ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ ജൂൺ 21 ന് പ്രഖ്യാപിക്കുമെന്നും ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസമായിരുന്നു തിങ്കളാഴ്ച. ആകെയുണ്ടായ നാലു മരണങ്ങളും വെയിൽസിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മുതൽ സ്കോട്ട്ലൻഡിൽനിന്നും ഏതാനും രാജ്യങ്ങളിലേക്കു യാത്രപോകുന്നവർക്ക് തിരികെയെത്തുമ്പോൾ ക്വാറന്റീൻ പോലും ഒഴിവാക്കി. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ബ്രിട്ടൻ വിവിധ ലോക രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ പോയി വരുന്നവർക്കാണ് 24 മുതൽ സ്കോട്ട്ലൻഡിൽ ക്വാറന്റീൻ ഇളവിന് അനുവാദം. വരുന്ന തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ കുട്ടികൾക്ക് മുഖാവരണം ധരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിലും അധ്യാപക സംഘടനകളിലും ആരോഗ്യ വിദഗ്ധരിലും നല്ലൊരു വിഭാഗം മാസ്ക് അനിവാര്യമാണെന്ന് ഇപ്പോഴും അഭിപ്രായപ്പെടുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് 17 മുതൽ ഇൻപഴ്സൻ ടീച്ചിങ്ങിലേക്ക് മടങ്ങാം.

തിങ്കളാഴ്ച മുതൽ വീടിനു പുറത്ത് മുപ്പതു പേർക്കുവരെ ഒത്തുകൂടാം. രണ്ടു വീടുകളിലെ ആറുപേർക്കു വരെ വീടിനുള്ളിലും ഒരുമിക്കാം. വിവാഹ പാർട്ടികളിലും മറ്റു സൽക്കാരങ്ങളിലും 30 പേർക്കുവരെ പങ്കെടുക്കാം. സംസ്കാരചടങ്ങുകളിൽ ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ വലിിപ്പം അനുസരിച്ച് ആളുകളെ നിയന്ത്രിക്കണം. കെയർ ഹോമുകളിൽ അഞ്ചു സന്ദർശകരെ വരെ അനുവദിക്കും. കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് ആവശ്യമെങ്കിൽ പുറത്തുപോകാനും അനുമതിയുണ്ടാകും. സോഷ്യൽ കെയർ, മെഡിക്കൽ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. എന്നാൽ അടുത്ത സുഹൃത്തുക്കൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും അകലം പാലിക്കുന്നത് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകാം. മ്യൂസിയങ്ങൾ, സിനിമാശാലകൾ, കോൺഫറൻസ് സെന്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, തിയറ്ററുകൾ, കോൺഫറൻസ് സെന്ററുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയെല്ലാം തുറക്കും. ഹോട്ടലുകളും ബാർബി ക്യൂ റസ്റ്റൊറന്റുകളും തുറക്കാം. അടുത്ത തിങ്കളാഴ്ച മുതൽ ജനത്തിനു പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനും റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും പബുകളിൽ പോയിരുന്നു മദ്യപിക്കാനും വിദേശത്തേക്ക് വിനോദയാത്ര പോകാനും അനുമതിയായി. ചരിത്രപരമായ ഈ ഇളവുകൾ ആസ്വദിക്കുമ്പോൾ മര്യാദകൾ മറക്കരുതെന്നും, വേഗം രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കു കൂടുതൽ കരുതൽ നൽകണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു.

You might also like
Comments
Loading...