പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിഷ് പ്രസിഡന്റ് ബര്‍സാനി
ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ സ്വയം ഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിസ്ഥാന്‍ മേഖലാ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെ വാഗ്ദാനം. ഇറാഖിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് മിറ്റ്ജാ ലെസ്കോവറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മേഖലയുടെ പുരോഗതിക്കായി ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ പരാമര്‍ശിച്ചുകൊണ്ട് പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെയും ഇതര വിഭാഗങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബര്‍സാനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്.
Download ShalomBeats Radio
Android App | IOS App
ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ അവിഭാജ്യ ഘടകമാണെന്നും, മേഖലയുടെ സേവന, നിര്‍മ്മാണ രംഗങ്ങളിലും, പുരോഗതിയിലും, സഹവര്‍ത്തിത്വത്തിലൂന്നിയ സംസ്കാരത്തിന്റെ രൂപീകരണത്തിലും ക്രൈസ്തവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.2019-ല്‍ ആരംഭിച്ച പുതിയ ഭരണഘടനാ നിര്‍മ്മാണം പിന്നീട് തടസ്സപ്പെട്ടുവെങ്കിലും ഏപ്രില്‍ ആരംഭത്തില്‍ പുനഃരാരംഭിച്ചു. അംഗീകരിക്കപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മേഖലയുടെ ഭരണം നടത്തിവരുന്നത്. ഇറാഖില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വടക്കന്‍ ഇറാഖിലെ നിനവേയിലാണ് താമസിക്കുന്നത്. ഇവരുടെ അവകാശങ്ങള്‍ ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെടുക എന്നത് പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് മേഖലയിലേക്ക് തിരികെ വരുന്നതിനു പ്രോത്സാഹനമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.