മെയ് 28 മുതല്‍ ദേശീയ പ്രാര്‍ത്ഥനാചരണവുമായി നൈജീരിയൻ ക്രൈസ്തവ നേതൃത്വം
അബൂജ: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അറുതിയ്ക്കായി മൂന്നു ദിവസം നീളുന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിനു ആഹ്വാനവുമായി ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. മെയ് 28 മുതല്‍ 30 വരെ നീളുന്ന പ്രാര്‍ത്ഥനാ ദിനാചരണത്തിനാണ് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍)യുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കാരുണ്യവും, ഇടപെടലും രാജ്യത്തിന് ആവശ്യമായി വന്നിരിക്കുകയാണെന്നും, നൈജീരിയന്‍ സഭയുടെ നിലനില്‍പ്പിനെതിരെ ഉയരുന്ന മതഭ്രാന്ത് പോലെയുള്ള ഭീഷണികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കണമെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. 2009 മുതല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും അനുബന്ധ സംഘടനകളും രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്.
രാഷ്ട്രത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും, ഇതിനെതിരെ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നൈജീരിയയിലെ ഒനിസ്താ, ഒവേരി എക്ലേസിയസ്റ്റിക്കല്‍ പ്രവിശ്യയിലെ കത്തോലിക്ക മെത്രാന്മാര്‍ മെയ് 11ന് മറ്റൊരു പ്രസ്താവന പുറത്തുവിട്ടിരിന്നു. ഒരു മഹത്തായ രാഷ്ട്രമായി ജീവിക്കുവാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്നും, എന്നാല്‍ ഇന്ന് രാഷ്ട്രം നിരാശയുടെ ഉറവിടമായി മാറിയിരിക്കുകയാണെന്നുമാണ് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. ഓരോദിവസവും സായാഹ്നത്തില്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടി നിരപരാധികളായ നൈജീരിയന്‍ ജനതയുടെ പ്രത്യേകിച്ച് ക്രൈസ്തവരുടെ രക്തച്ചൊരിച്ചിലിന് അറുതി വരുത്തുവാന്‍ പ്രാര്‍ത്ഥിക്കണമെന്നു സി.എ.എന്‍ ജെനറല്‍ സെക്രട്ടറി ജോസഫ് ബേഡ് ഡാരാമോള കുറിച്ചു. തീവ്രവാദികളുടേയും, കവര്‍ച്ചക്കാരുടേയും, തട്ടിക്കൊണ്ടുപോകുന്നവരുടേയും, ആയുധധാരികളുടേയും ഓരോ നീക്കങ്ങളും പരാജയപ്പെടുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം. എല്ലാമതങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുവാനും, ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുവാന്‍ രാജ്യത്തെ നിയമപാലകര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുവാനും, രാജ്യത്ത് സമാധാനവും, ക്ഷേമവും, സ്നേഹവും പുലരുവാനും, രാജ്യത്തിന്റെ തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജോസഫ് ഡാരാമോളയുടെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.