എത്യോപ്യയിൽ പട്ടാളത്തിന്റെ അക്രമം തുടരുന്നു: കന്യാസ്ത്രീകൾ ഉൾപ്പെടെ പീഢനത്തിനിരയാകുന്നു

0 1,069

ടൈഗ്രേ: എത്യോപ്യയുടെ ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറുന്നതിനിടയിൽ പട്ടാളത്തിന് പിന്തുണയുമായി അയൽരാജ്യമായ എറിത്രിയയിൽ നിന്നെത്തിയ സൈനികർ എത്യോപ്യൻ പൗരന്മാർക്കെതിരെ കൊലപാതകം അടക്കമുള്ള അതിക്രമങ്ങൾ നടത്തുന്നതായും ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡ്’ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് കത്തോലിക്ക സന്യാസിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ടൈഗ്രേയിൽ യുവജനങ്ങൾ അടക്കം കൊല്ലപ്പെടുന്ന സംഭവത്തെ വംശഹത്യയോടാണ് സുരക്ഷാ ഭീഷണിയെത്തുടർന്ന് പേര് വെളിപ്പെടുത്താത്ത ഒരാൾ കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. “ഇത് വെറുമൊരു പോരാട്ടമല്ല. ഇതൊരു വംശഹത്യയാണ്. സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു. ഒരുപാട് ആളുകൾ പ്രത്യേകിച്ച് യുവജനങ്ങൾ സമീപ രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുന്നു” അദ്ദേഹം വെളിപ്പെടുത്തി.

പ്രദേശത്ത് നടക്കുന്ന അക്രമസംഭവങ്ങൾ വംശഹത്യയാണെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്ക് മത്തിയാസ് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പ്രകാരം സാഹചര്യം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് ഗർഭിണികളെയും, വികലാംഗരെയും, പ്രായമായവരെയുമാണ്. യുദ്ധം മൂലം നിരവധി മരണങ്ങൾ സംഭവിക്കുകയും, സാമ്പത്തിക, സാമൂഹിക അടിത്തറ ഇളകുകയും അതോടൊപ്പം നിരവധി ആളുകൾ പലായനം ചെയ്യുകയും ചെയ്തതിനാൽ ടൈഗ്രേയിലേ അവസ്ഥ വലിയൊരു മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കുകയാണെന്നും സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 2019ന് ശേഷം ദേവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും പുനർനിർമ്മാണം ഉൾപ്പെടെ നൂറു പദ്ധതികൾക്ക് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എത്യോപ്യയിൽ സഹായം നൽകിയിട്ടുണ്ട്. കൂടാതെ ക്രൈസ്തവ സന്യാസികൾക്കും സംഘടന സഹായം നൽകുന്നത് തുടരുകയാണ്.

You might also like
Comments
Loading...