ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; വിജയം ഋഷി സുനകിനെ മറികടന്ന്
ലണ്ടൻ: വിദേശകാര്യ മന്ത്രി ലിസ് ട്രസ് (Liz Truss) ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കൺസർവേറ്റീവ് അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം. മാർഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്. ഒന്നരലക്ഷത്തോളം കൺസർവേറ്റീവ് അംഗങ്ങളിൽ 81,326 വോട്ട് ലിസ് ട്രസ് നേടിയപ്പോൾ 60,399 വോട്ട് മാത്രമാണ് ഋഷി സുനകിന് ലഭിച്ചത്.
ഇന്ത്യൻ വംശജനെന്നും അതിസമ്പന്നനെന്നുമുള്ള പാർട്ടിയ്ക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്.
Download ShalomBeats Radio
Android App | IOS App
പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്ന് ബോറിസ് ജോൺസൺ രാജിവച്ചതിനാലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. കൺസർവേറ്റീവ് പാർട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും. ആദ്യഘട്ടത്തിൽ കൺസർവേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തിൽ മറ്റ് സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം. അഞ്ചിൽ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടിൽ പെന്നി മോർഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്.
ഒന്നര ലക്ഷത്തോളം കൺസർവേറ്റീവ് അംഗങ്ങൾ വോട്ട് ചെയ്ത രണ്ടാം ഘട്ടത്തിന്റെ തുടക്കം തൊട്ടേ അഭിപ്രായ സർവ്വേകളിൽ ലിസ് ട്രസ് മുന്നിലെത്തി. ഋഷി സുനക് ഇന്ത്യൻ വംശജനാണെന്ന എതിരാളികളുടെ നിശബ്ദ പ്രചാരണം തിരിച്ചടിയായി. അതിസമ്പനനാണെന്നും ഇന്ത്യൻ പൗരയായ ഭാര്യ അക്ഷത ബ്രിട്ടനിൽ നികുതി നൽകുന്നില്ലെന്ന പ്രചാരണവുമെല്ലാം ഋഷിയുടെ മുന്നേറ്റത്തിന് തടസ്സമായി. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെയും മകളാണ് അക്ഷത. പഞ്ചാബിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് ഋഷി സുനകിന്റെ പൂർവികർ.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക.
ബോറിസിന്റെ രാജിയും വിടവാങ്ങൽ സന്ദർശനവും ഇവിടെയെത്തിയാകും. 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തിൽ ഇതിനോടകം 14 പേരെ അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡിലെ ബാലമോറിൽ ചടങ്ങുകൾ നടക്കുക.