ചന്ദ്രന്റെ മറുവശത്ത് വാഹനമിറക്കി ചൈന

0 1,608

ബെയ്‌ജിങ്‌ :  ആദ്യമായി ചന്ദ്രന്റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. ചൈനയുടെ ചാങ്-4 വാഹനമാണ് ബിജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26-ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെന്‍ ബേസിനില്‍ ഇറങ്ങിയത്.

ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ്- 4 പദ്ധതി.

Download ShalomBeats Radio 

Android App  | IOS App 

സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013-ല്‍ ചൈനയും ഒരു വാഹനം ചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഭൂമിയില്‍ നിന്നും കാണുന്ന ചന്ദ്രന്റെ മറുവശത്ത് ഒരു പേടകം ഇറക്കുന്നത്.

ബഹിരാകാശ ഗവേഷണ രംഗത്ത് ചൈന ലോക നിലവാരം ആര്‍ജിച്ചതായി മകാവു ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസറും ചൈനയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷു മെങ്ഹുവ പറഞ്ഞു. അമേരിക്ക ചെയ്യാന്‍ ധൈര്യം കാണിക്കാത്തത് നമ്മള്‍ ചൈനീസ് ജനത ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചാങ്-4 ചന്ദ്രനില്‍ ഇറങ്ങിയത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു. റോബോട്ടിക്ക് വാഹനം വിജയകരമായി ചന്ദ്രനിലിറങ്ങിയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റുകള്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ചാനലും ചൈന ഡെയ്‌ലിയും നീക്കം ചെയ്തിരുന്നു. പിന്നീടാണ് ഇക്കാര്യം സ്ഥിരീകരിച്ച് വീണ്ടും അറിയിപ്പുണ്ടായത്. ട്വീറ്റുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണമൊന്നും വന്നിട്ടില്ല.

ഡിസംബര്‍ എട്ടിന് സിച്വാനിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് ചാങ്‌സ് 4 വിക്ഷേപിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹനം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയത്.

ആദ്യ ലൂണാര്‍ ലോ ഫ്രീക്വന്‍സി റേഡിയോ ആസ്‌ട്രോണമി പരീക്ഷണം, ഗുരുത്വാകര്‍ഷണം കുറഞ്ഞ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ വളരുമോ, ജലവും മറ്റ് വിഭവങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുക ഉള്‍പ്പടെയുള്ള ചുമതലകളാണ് ചാങ്‌സ്-4 വാഹനത്തിനുള്ളത്‌. ക്യാമറകള്‍, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍, സ്‌പെക്ട്രോമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ അതിലുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് വിക്ഷേപിച്ച ചൈനയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാങ്-3 ന് ചില തരാറുകള്‍ ഉണ്ടായിരുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെ അത്‌ ചലിക്കാതെയായി. എന്നാല്‍ 2015 മാര്‍ച്ച് വരെ നിരവധി ചിത്രങ്ങളും മറ്റ് വിവരങ്ങളും അത്‌ ഭൂമിയിലേക്ക് അയച്ചു.

ചാങ് 4 പദ്ധതിയിലും ഇതേ പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന ഭീതി ചൈനീസ് ഗവേഷകര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഒന്നും തന്നെ ചൈന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ചൈനയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ പദ്ധതിയായ ടിയാങ്‌ഗോങ്-1 നിയന്ത്രണം തെറ്റി ഭൂമിയില്‍ പതിച്ചത് ചൈനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു

ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം  ഒരിക്കലും ഭൂമിയിക്ക് അഭിമുഖമായി വരാത്ത ഭാഗങ്ങള്‍ ചന്ദ്രനുണ്ട്. ഭൂമി ഒറ്റത്തവണ ഭ്രമണം ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുക്കും എന്നാല്‍ ചന്ദ്രന്‍ ഭ്രമണം ചെയ്യാന്‍ 27.3 ദിവസം വേണം. ഈ വത്യാസം കാരണം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയില്‍ നിന്നുകൊണ്ട് ഒരിക്കലും കാണാന്‍ സാധിക്കില്ല. ചന്ദ്രന്റെ ഇരുണ്ട ഭാഗമെന്ന് അതിനെ വിളിക്കാറുണ്ടെങ്കിലും ഭൂമിയില്‍ നിന്നും കാണുന്നയിടത്തെ അത്രയും സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കും

You might also like
Comments
Loading...