ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന്റെ ജനറൽ കൺവെൻഷന് ബാംഗ്ലൂർ ഗെദ്ദലഹള്ളി പ്രീതി നിവാസ് ക്യാമ്പസിൽ അനുഗ്രഹീത തുടക്കം.
ആദ്യ ദിവസത്തെ യോഗത്തിന് പാസ്റ്റർ ബിനു ചെറിയാൻ നേതൃത്വം നൽകി. പാസ്റ്റർ എബ്രഹാം ചാക്കോയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ. ജെ. ജോൺസൺ പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ഉദ്ഘാടന സന്ദേശം നൽകുകയും ചെയ്തു.
“നഷ്ടപ്പെട്ടത് എന്തെന്ന് തിരിച്ചറിയണം”
വെളിപ്പാട് പുസ്തകം മൂന്നാം അധ്യായം 20, 21 വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാസ്റ്റർ ഇ. ജെ. ജോൺസന്റെ സന്ദേശം.
ദൈവസഭയോടുള്ള കർത്താവായ യേശുക്രിസ്തുവിന്റെ ആഗ്രഹം “മടങ്ങിവരിക” എന്നതാണെന്നും, ആ വിളി അനുസരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട് എന്നതായിരുന്നു ഊന്നൽ.
സഭയോട് ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ അദ്ദേഹം ഇങ്ങനെ അവതരിപ്പിച്ചു:
- ജാഗ്രതയുള്ളവരായിരിക്കുക
- മാനസാന്തരപ്പെടുക
- അടഞ്ഞുകിടക്കുന്ന വാതിൽ തുറക്കുക
- ദൈവശബ്ദം കേൾക്കാതിരിക്കത്തക്കവിധം അടഞ്ഞുപോയ കാതുകൾ തുറക്കുക
ഇവയെല്ലാം ഇന്ന് ദൈവസഭയിൽ നഷ്ടപ്പെട്ടിരിക്കുന്നു; ഇവ തിരികെ ലഭിക്കണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കുറവില്ലാത്തവർ ആരുമില്ല”
കുറവില്ലാത്തവർ ആരുമില്ലെന്നും, ദൈവസന്നിധിയിൽ ഹൃദയം തുറന്ന് ഒരു മടങ്ങിവരവ് ഉണ്ടായാൽ ക്ഷമിച്ച് ചേർത്തുനിർത്തുന്ന ദൈവമാണ് നമ്മുടേതെന്നും പാസ്റ്റർ ജോൺസൺ ഓർമിപ്പിച്ചു.
“ഒരു മടങ്ങിവരവിനുള്ള സമയം ഏറ്റവും അടുത്തിരിക്കുന്നു. ഈ ദിവസങ്ങൾ ഒരു മടങ്ങിവരവിന്റെ ദിവസങ്ങളായി മാറട്ടെ” — ഇതായിരുന്നു സമാപന ആഹ്വാനം.
ചർച്ച് ഓഫ് ഗോഡ് കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ റോജി ഇ. സാമുവേലാണ് ഇന്നത്തെ മുഖ്യ പ്രഭാഷണം നടത്തുന്നത്.
നവംബർ ഒന്നിന് സമാപിക്കുന്ന കൺവെൻഷനിൽ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ ഒൻപതു വരെയാണ് പൊതുയോഗങ്ങൾ.
പാസ്റ്റർ പി. സി. ചെറിയാൻ (ചർച്ച് ഓഫ് ഗോഡ്, കേരളം), ചർച്ച് ഓഫ് ഗോഡ് കേരള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ സിസി ബാബു ജോൺ (ആലുവ) എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. വർഷിപ്പ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം, വൈ.പി.ഇ. — സൺഡേ സ്കൂൾ പരിപാടികൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
വേദി: പ്രീതി നിവാസ് ക്യാമ്പസ്, ഗെദ്ദലഹള്ളി, ഹെന്നൂർ-ബാഗലൂർ റോഡ്, ബാംഗ്ലൂർ 560077.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കൺവീനർ റവ. ഇ. ജെ. ജോൺസൺ — 9886156224, പബ്ലിസിറ്റി കൺവീനർ ബ്രദർ ബെൻസൺ ചാക്കോ — 9886720313
ശാലോം ധ്വനി ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണം വീക്ഷിക്കാവുന്നതാണ്

















