‘സുവിശേഷം’ എന്ന മലയാള വാക്കിന്റെ അർത്ഥം നല്ല വിശേഷം, നല്ല വാർത്ത എന്നതാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ക്രിസ്‌തീയ ജീവിതത്തിൽ എന്താണ് സുവിശേഷം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി എത്തുന്നത്?
വിശുദ്ധ വേദപുസ്തകത്തിലെ സുവിശേഷങ്ങൾ എന്ന അർത്ഥത്തിലായാലും, നല്ല വിശേഷം എന്ന അർത്ഥത്തിലായാലും, ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ദൈവിക കരുണയുടെയും സർവ്വലോകത്തിന്റെയും രക്ഷക്കായി ക്രിസ്തു ഭൂമിയിൽ അവതരിച്ചു എന്ന വാർത്തയാണ് സുവിശേഷം.
പാപത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് മോചനമേകാനായി ദൈവം ഭൂമിയിൽ മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവും ലോകത്തോട് വിളിച്ചുപറഞ്ഞതും ഇതേ സത്യസുവിശേഷം ആയിരുന്നു.
“ദൈവരാജ്യം സമീപമായിരിക്കയാൽ, മാനസ്സാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മർക്കൊസ് 1:15).
ഇപ്പോൾ ഉള്ള നിങ്ങളുടെ സാഹചര്യത്തിൽ നിന്നും മാനസ്സാന്തരപ്പെട്ടു സത്യസുവിശേഷം അറിഞ്ഞുകൊള്ളുവിൻ എന്ന് തന്റെ പ്രഭാഷണങ്ങളിൽ വിളിച്ചുപറഞ്ഞിരുന്ന കർത്താവ്, “ദൈവരാജ്യം സമീപിച്ചിരിക്കുന്നു, ഒരുങ്ങിക്കൊള്ളുവിൻ” എന്ന് തന്നെ അനുഗമിച്ച ജനങ്ങളോടും സർവ്വലോകത്തോടുമായി പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.
എന്താണ് പാപവും, പാപത്തിന്റെ ഫലവും എന്നതും — പാപത്തിൽ നിന്ന് മോചനം യേശുക്രിസ്തുവിൽ മാത്രമാണെന്ന് സകല ജാതിയോടും വിളിച്ചുപറഞ്ഞ കർത്താവ്,
“നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക” എന്നും പഠിപ്പിച്ചു.
കാലങ്ങൾ പിന്നിട്ട് ക്രിസ്തുവിന്റെ അനുയായികൾ ആയ ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്ന നാം ഇന്ന് ലോകത്തോട് വിളിച്ചുപറയുന്ന സുവിശേഷം എന്താണ്?
നല്ല വാർത്തകൾ അല്ലെങ്കിൽ നല്ല വർത്തമാനം പങ്കുവെക്കുവാൻ മറന്നുപോയവരാണോ നാം?
അതോ ക്രിസ്തുവിനേക്കാൾ വളർന്നു എന്ന ചിന്താഗതിയാൽ നമ്മുടെ സ്റ്റാറ്റസിന് ഇടിവ് വരും എന്ന ആശങ്കകൊണ്ട് ഒതുങ്ങി നിൽക്കുന്നവരാണോ?
സുവിശേഷികരണത്തിന് പ്രതികൂല സാഹചര്യങ്ങൾ ഏറിവരുന്ന ഈ കാലത്തു, ആത്മീയ നിറവും സന്തോഷവും മങ്ങലേൽക്കുന്ന പ്രവണതകൾ ആത്മീയ മക്കളായ നമ്മുടെ ഇടയിൽ ഏറിവരുന്നത് വേദനാജനകമായ ഒരു സാഹചര്യമാണ്.
വചനങ്ങൾ പോലും വളച്ചൊടിക്കപ്പെടുന്ന കാലഘട്ടം, ആത്മീയ മർമ്മങ്ങളെ പൊരുൾ തിരിച്ചു പറഞ്ഞുകൊടുക്കേണ്ടവർ പോലും ആത്മീയതയെ മറന്ന് സത്യവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലം… ദുരുപദേശത്തിന്റെ വിഷവിത്തുകൾ ജനങ്ങളിലേക്കു അടിച്ചേൽപ്പിക്കുന്ന ന്യൂജെൻ ട്രെൻഡുകളിൽ എവിടെയോ ക്രിസ്തു പഠിപ്പിച്ച സത്യസുവിശേഷം ഇല്ലാതെയാകുന്നു.
ക്രിസ്‌തീയ പാരമ്പര്യം പറഞ്ഞു ആവേശം കൊള്ളുന്ന സഭകളും ഇന്ന് ആത്മീയ കൂട്ടായ്മകളിൽ തണുത്ത നിലയിലാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെയും കൊച്ചുവിലങ്ങിട്ട, അഭിമാനത്തിന്റെ ഉച്ചിസ്ഥായിയിൽ എവിടെയോ മതിമറന്ന് നിൽക്കുകയാണ് പലരും.
എന്ത് കാണിച്ചാലും “ആത്മീയത” എന്ന ലേബലിൽ സത്യസുവിശേഷത്തെ മാർക്കറ്റ് ചെയ്യാവുന്ന ഈ കാലഘട്ടത്തിൽ,
‘അല്ലയോ സ്നേഹിതാ, യേശു നിന്നെ സ്നേഹിക്കുന്നു’ എന്ന നല്ല സുവിശേഷം പറയുവാൻ നമ്മുടെ ഇടയിൽ ആളുകൾ കുറയുന്നു.
“കൊയ്ത്ത് അധികമാകുന്നു, വേലക്കാരോ ചുരുക്കം” (മത്തായി 9:37).
ലോകമെമ്പാടും ദൈവവചനം കേട്ട് തിരിഞ്ഞുവരാൻ ഒരുങ്ങിയിരിക്കുന്ന അനേകം ആളുകളുണ്ട്. പക്ഷേ അവരെ വിളിച്ചുകൂട്ടാനും, സുവിശേഷം അറിയിക്കാനും ഇന്നും ആളുകൾ കുറവാണ്.
മാറ്റം എന്നിൽ നിന്നാകട്ടെ എന്ന് ചിന്തിച്ചു പ്രവൃത്തിക്കേണ്ട കാലം സമാഗതമായിരിക്കുന്നു.
യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും പാപമോചനവും സമാധാനവും നിത്യജീവനും ദൈവം സമ്മാനിക്കുന്നു.
അതാണ് സുവിശേഷത്തിന്റെ മർമ്മം — ദൈവത്തിന്റെ സ്നേഹം എല്ലാവർക്കും ലഭ്യമാകുന്നു എന്ന സന്തോഷവാർത്ത.
വരൂ, ക്രിസ്തുവിന്റെ നല്ല സുവിശേഷം അറിയിക്കാം.

















