യിസ്രായേൽ ജനത്തിന് നൽകിയ ശാസനയിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു കൽപ്പനയാണ് നാം മുകളിൽ വായിച്ചത്. എന്നിട്ടും വികടനാവിൽ നിന്നും വീണ വാക്കുകൾ കൊണ്ട് യിസ്രായേലിന് വന്ന പരിണിതഫലം ആൾ നഷ്ടവും അഗ്നിയും അവിശ്വാസവും ആയിരുന്നു. മിര്യാമിന്റെ രോഗവും, കോരഹിൻ്റെ നാശവും, ഒറ്റു നോക്കാൻ കനാൻ ദേശത്തേക്ക് പോയവരുടെ അധൈര്യപ്പെടുത്തുന്ന വാക്കുകളും ഇന്നും ബൈബിളിലെ കറുത്ത രേഖകൾ തന്നെ.
ദുർവർത്തമാനവും വ്യാജ വാക്കുകളുടെ (gossip) പ്രചരണവും മനുഷ്യൻറെ ചരിത്രത്തോളം ആയുസ്സുള്ളതാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിനുള്ളിലെ കലങ്ങിമറിഞ്ഞ ചിന്തകളുടെ ബഹിർഗമനമാണ് gossip. അത് ഒരു പ്രതികാരമാകാം; അസൂയയാകാം; അപകർര്ഷതാബോധം ആകാം; ചിലർക്ക് അതൊരു മനോസുഖം ആകാം. നല്ല ആരോഗ്യമുള്ള ഒരാളുടെ മാനസിക വൈകല്യമാകാം. അതുമല്ലെങ്കിൽ വികലയായ ഒരു സ്ത്രീയുടെ ഉള്ളിന്റെ ഉള്ളിലെ അർബുദമാകാം. മന:ശാസ്ത്ര ലോകത്തും വൈദ്യശാസ്ത്ര ലോകത്തും ഔഷധം ഇല്ലാത്ത ഒരു വ്യാധിയാണ് ദുർവർത്തമാനം. നമുക്ക് ഒരാളെ ജയിക്കാൻ കഴിയുന്നില്ലെങ്കിൽ ആ വ്യക്തിയെ തകർക്കാൻ ഇതുപോലെ മറ്റൊരായുധവും ഇല്ല. ‘നാവും ഒരു തീ തന്നെ അത് നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന് തീകൊളുത്തുകയും നരകത്താൽ അതിന് തീപിടിക്കുകയും ചെയ്യുന്നു’ യാക്കോബ് 3:6
നശിച്ച നാവു മൂലം ആത്മീയലോകത്ത് ഉണ്ടായ പരാജയം ചെറുതല്ല. എത്ര സഭകൾ ചിന്നഭിന്നമായി? എത്ര ദൈവ ഭക്തർ വേദനകൊണ്ട് വിതുമ്പി ? എത്ര ശുശ്രൂഷാ ശ്രേഷ്ഠന്മാർ ചെയ്യാത്ത തെറ്റിന് കുരിശിലേറി ? എത്രയോ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മകൾ പരിഹാസത്തിന്റെ പരസ്യ കോലമായി? സഭയിൽ അടി, തമ്മിലടി, അങ്ങാടിയിൽ വികട വാക്കുകൾ കൊണ്ട് വിവരസാങ്കേതിക ധോരണി. ശുഭകരമായ ആത്മീയ ഭാവി സ്വപ്നം കണ്ടവരുടെ പ്രതീക്ഷയുടെ സൗഹൃദം ഇടിഞ്ഞു! ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചവർ ഇതൊന്നു വായിച്ചു മാനസാന്തരപ്പെട്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷേ അവർക്ക് നിത്യജീവൻ നഷ്ടമായേക്കാം.
തകർന്നത് ആത്മീയ ലോകം മാത്രമല്ല. കുടുംബജീവിതങ്ങൾ പലതും തകർന്നുവീണു. ബോംബുകൾ വന്നു വീണതല്ല, ഒളിഞ്ഞിരുന്ന് ആരോ നാവിൽ നിന്നും അഗ്നിശരം കൊടുത്തതാണ്. ചിലർക്കൊക്കെ ഫലിതത്തിന്,
മറ്റൊന്ന് കൂടെ ഉള്ളവരെ രസിപ്പിക്കാൻ. മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യാൻ. വിധവയുടെ കണ്ണീരു കാണുന്ന, കന്യകയുടെ കരച്ചിൽ കേൾക്കുന്ന, വൃദ്ധന്റെ രോദനവും, അനാഥന്റെ നിലവിളിയും ശ്രവിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്. അത് എത്ര ദൂരെയായാലും ഉയരത്തിൽ ആയാലും ആഴത്തിലായാലും അത്യുന്നതന്റെ ശ്രവണപുടങ്ങളിൽ എത്തും.
ആംഗലേയ ഭാഷയിൽ ഒരു ചൊല്ലുണ്ട്. ‘a criminal can never escape for ever ‘.
നാവിൻറെ കാര്യത്തിലും ആ ചൊല്ല് ശരി തന്നെ. വെയിലുറച്ചപ്പോൾ ഏദനിലെ ആദം ഉടുത്തിരുന്ന അത്തിയില വാടിപ്പോയി. നമ്മുടെ തെറ്റുകളെ നിസ്സാര വൽക്കരിച്ചു കൊണ്ടുള്ള സ്വൈര്യ വിഹാരത്തിന് ഒരു പകലിന്റെ ആയുസ്സ് ഇല്ല. എനിക്കൊന്നേ പറയാനുള്ളൂ നാവുമൂലം നമ്മുടെ നിത്യ സൗഭാഗ്യം നഷ്ടമാകാതിരിക്കട്ടെ.
















