നസറേത്തിലെ പ്രാന്ത പ്രദേശത്തെ ഒരു തച്ചന്റെ തൊഴിൽശാല ഉണ്ടായിരുന്നു. അവിടെ ഏറ്റവും നല്ല നുകങ്ങൾ പണിതു വിറ്റിരുന്നു. യേശു എന്ന ആശാരിയുടെ കരവിരുതായിരുന്നു ആ നല്ല നുകങ്ങൾ. യേശുക്രിസ്തു പരസ്യശുശ്രൂഷയ്ക്ക് തച്ചപ്പണി വിട്ടിറങ്ങിയപ്പോൾ തൻറെ ശിഷ്യന്മാരോടും സാധുക്കളായ തൊഴിലാളികളോടും ഇപ്രകാരം പറഞ്ഞു “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുളേളരേ, എല്ലാവരും എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകുന്നതു കൊണ്ട് എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു” . (മത്താ.11:28-30)
” ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ” എന്ന പ്രയോഗം മറ്റുള്ളവരെ അംഗീകരിപ്പിക്കാനുള്ള വാഗ്ധോരണിയുടെ പ്രഥമ ഭാഗമല്ല, അത് കർത്താവിൻറെ ജീവിതശൈലിയായിരുന്നു. ആഡംബര ജീവിതത്തിലും അതിനെ മോഡി പിടിപ്പിക്കുന്ന ആർഭാടങ്ങളെ കൊണ്ടും വർണ്ണപ്പകിട്ട് വരുത്തിയ ജീവിതങ്ങൾ സൗമ്യതയും താഴ്മയും അടിവരയിട്ട് തട്ടു തകർപ്പൻ പ്രസംഗങ്ങൾ നടത്തിയാൽ കേൾവിക്കാർ അംഗീകരിക്കുകയില്ല. അതാണ് ഇന്നത്തെ സുവിശേഷ ലോകത്തിന് പറ്റിയ അപചയം. കടലാസിൽ എഴുതി മതിലിൽ ഒട്ടിച്ചാലും വായിക്കാൻ ഒരു സുഖം എന്നല്ലാതെ ആത്മാക്കളുടെ രക്ഷയ്ക്ക് അത് ഉതകുകയില്ല. സുവിശേഷത്തിന്റെ ആദായം അഞ്ചു കാറുകളിലേക്ക് വിനിമയം ചെയ്തു. അതിനൊത്ത പ്രൗഢിയോടെ ജന വഞ്ചന നടത്തുന്ന ആധുനിക സുവിശേഷകന്മാർ പ്രസംഗിക്കുമ്പോൾ ഈ ഭാഗം വായിക്കരുത്. തന്നെയുമല്ല, ഇതിൽ നിന്നും ഇല്ലാത്ത ആലോചന ഉണ്ടാക്കി ആത്മാവ് നൽകിയെന്ന വ്യാജേന പുതിയ ശൈലിയിൽ സംസാരിച്ച് പൊതുജനത്തെ കബളിപ്പിക്കരുത്. നുസ്രായൻ്റെ നുകം ഭാരം കുറഞ്ഞതും മൃദുവും ആകുന്നു. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും വേണ്ടി പ്രത്യേകം കടഞ്ഞെടുത്തതാണ് ഈ കലപ്പയും നുകവും.


















