പൊതു അഭിപ്രായങ്ങളും വിരുദ്ധമായ വാക് പോരുകളും ഒക്കെ മിശ്രിതമായ വികാരങ്ങൾ പുകമറ സൃഷ്ടിച്ച സമൂഹത്തിൽ നിന്നും ചിലതൊക്കെ യേശുവിൻ്റെ കാതുകളിലും എത്തി. ആവക ചിന്തകൾ തൻ്റെ ശിഷ്യരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ ഒരിക്കൽ കർത്താവ് അവരോട് ചോദിച്ചു.
ആ ഭാഗം നാം ഇങ്ങനെ വായിക്കുന്നു
“യേശു ഫിലിപ്പിൻ്റെ കൈസര്യയിൽ എത്തിയശേഷം തൻ്റെ ശിഷ്യൻമാരോട് ; ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്ന് പറയുന്നു എന്ന് ചോദിച്ചു. ചിലർ യോഹന്നാൻ എന്നും, മറ്റു ചിലർ ഏലിയാ വെന്നും വേറെ ചിലർ യിരമ്യാവോ പ്രവാ ചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു ” (മത്തായി 16:13,14 )
ഈ ഉദ്ധരണിക്ക് വിവിധ വ്യാഖ്യാനങ്ങൾ കൊടുക്കുവാൻ പണ്ഡിതമതം തുനിഞ്ഞിട്ടുണ്ട്. ഇതിൽ അല്പം പ്രസിദ്ധിയാഗ്രഹിക്കുന്ന വാർത്താദാഹികളും ഉണ്ടെന്നതാണ് വാസ്തവം. അവർ പറയുന്നതിങ്ങനെ ‘പൊതുജനാഭിപ്രായത്തിനുവേണ്ടി അല്പം വാർത്താ മാധ്യമ പ്രസിദ്ധി ഒരു തെറ്റായ നയമല്ല; യേശുക്രിസ്തു പോലും തന്നെക്കുറിച്ച് ലോകം പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു’ !
ഈ വാക്യത്തിൻ്റെ പിൻബലത്തിൽ ആകാശം മുട്ടുന്ന ക്യാൻവാസിൽ,
ബൈബിൾ കൈയ്യിൽ പിടിച്ച് വെള്ള സ്യൂട്ടുമിട്ട് സുസ്മേര വദനനായി കൈ ഉയർത്തി അനുഗ്രഹിക്കുന്ന ഭക്തശിരോമണികളുടെ മുഴുഛായാചിത്രം എങ്ങും പണ്ട് കണ്ടിരുന്നു. സാമൂഹിക ദ്രോഹികളും മത ഭ്രാന്തൻമാരും അതു വലിച്ചുകീറാൻ തുടങ്ങിയതോടുകൂടി
ഇപ്പോൾ ഒരല്പം ശമനം വന്നിട്ടുണ്ട്. കൂടാതെ ഇൻകംടാക്സ് വിഭാഗം തങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന നില വന്നപ്പോൾ മുഴു ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു.
പ്രസിദ്ധി എന്ന വാക്ക് ഒരു തെറ്റായ പദമല്ല. ചിലപ്പോൾ അതാവശ്യമാണ് താനും. പൊതുയോഗം, കൺവൻഷൻ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയൊക്കെ പൊതുജനശ്രദ്ധ പിടിച്ചു പറ്റണമെങ്കിൽ മാധ്യമ സഹായത്തോടെ വാർത്തകൾ പ്രസിദ്ധീകരിക്കണം. അതിൽ വാക്കുകൾ, വരികൾ, ചിത്രസംയോജനം, എഡിറ്റിംഗ്, കളറിംഗ് ഇതൊക്കെ ആവശ്യം തന്നെ. എന്നാൽ ഇതിനിടയിൽ ലക്ഷ്യം ചായത്തിൽ അലിഞ്ഞു പോകരുത്.
സ്യൂട്ടിൻ്റെ ഭംഗിയും,
മൈക്കിൻ്റെ കനവും
സുവിശേഷത്തിൻ്റെ ചലനങ്ങൾക്ക് കൈവിലങ്ങാകരുത്. ചില നാമങ്ങളുടെ ഖ്യാതി യേശു എന്ന നസ്രായൻ്റെ പേരിനേക്കാൾ ഉയരത്തിൽ
നിൽക്കുന്നു!
ഇന്നത്തെ വർത്തമാന കാല പ്രസക്തി വേറെ എന്തൊക്കെയാണ്? പല കൺവൻഷനുകളും ജനനിബിഡമാകുന്നത് ചിലരുടെ പേരിലാണ്. ആ യോഗത്തിൽ യേശു ഉണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണനയിലില്ല.
റവ. X or Y ഉണ്ടെങ്കിൽ ആ മീറ്റിംഗ് തകർക്കും! ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ പൊളിക്കും. പ്രശസ്തി നേടുന്നവരുടെ സംലത്തേക്കാൾ സുവിശേഷം എത്തിക്കുന്നവരുടെ സംഘം ഇനി ജനിക്കേണ്ടിയിരിക്കുന്നു. പ്രസംഗം നന്നായോ എന്നു സ്വയം ചോദിക്കുന്നതിന് മുമ്പ് അത് ജനഹൃദയങ്ങളെ സ്പർശിച്ചോ എന്ന് കർത്താവിനോട് ചോദിക്കണം. വിളിച്ച വനുടെ ഗുണങ്ങളെ ഘോഷിച്ചോ എന്ന് ഒരാത്മ വിചിന്തനം ഉത്തമമായിരിക്കും. ഇതു വായിക്കുന്ന കൺവൻഷൻ ദൂതുവാഹികൾ വിമർശനമാണെന്ന് തെറ്റിദ്ധരിക്കാതെ സ്വയം ഒരു പരിശോധനക്ക് വിധേയമായി ഇനിയും എനിക്ക് നന്നാകണമെന്ന ആത്മഗതം ഒന്നു പറയുമോ?


















