ത്യാഗിനികളായ അമ്മമാരുടെ വീരചരിത്രം നിറഞ്ഞ ഇതിഹാസങ്ങളും പുരാതന പുണ്യപുരുഷന്മാരുടെ മാതൃകാ കഥകളും ഉദാഹരണങ്ങളായി ഉദ്ധരിക്കാൻ പലരും ബന്ധപ്പെടുന്നത് കാണാം. മാനവിക നിർമ്മിതങ്ങളായ സങ്കല്പങ്ങളിലെ മിത്ത് കുറെയൊക്കെ വായനക്കാരെ സ്വാധീനിക്കും. അതോടൊപ്പം സത്യവേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യാഥാർത്ഥ്യം നാം ഓർക്കാറുമില്ല. പ്രസംഗവേദികളിൽ അധികം കേട്ടിട്ടില്ലാത്ത ഒരു മാതൃത്വമാണ് യോഖേബോദ്. ജനിക്കുന്ന എബ്രായ ആൺകുട്ടികളെ നദിയിൽ എറിഞ്ഞു കളയണമെന്ന
രാജകല്പന പാലിക്കാത്തവരെ കൊന്നുകളയണമെന്ന നിയമം കർക്കശമായിരുന്ന നാളുകളിൽ ഒന്നിലാണ് മോശയുടെ ജനനം. രാജകല്പന ഭയക്കാതെ അവനെ മൂന്നുമാസം ഒളിവിൽ പാർപ്പിച്ചു. ഈ മൂന്നുമാസവും രാപ്പകൽ അവൾ പ്രാർത്ഥനയിൽ കുഞ്ഞിൻ്റെ രക്ഷയ്ക്കായി അപേക്ഷിച്ചു. ഒടുവിൽ ലഭിച്ച ദൈവീക പദ്ധതിയായിരുന്നു “ഞാങ്ങണപട്ടകം”.
നൈൽ നദിയുടെ കരയിൽ സമൃദ്ധമായി വളരുന്ന ഒരു പ്രത്യേകതരം ചെടിയാണ് പാപ്പിറസ്. (Papirus nilotica) ഇതിന്റെ ഇലകൾ അക്കാലങ്ങളിൽ എഴുത്തു ചുരുളുകളായി ഉപയോഗിച്ചിരുന്നു. ഇന്നു നാം സർവ്വദാ ഉപയോഗിക്കുന്ന പേപ്പർ എന്ന പദം ആ പേരിൽ നിന്നാണ് ഉത്ഭവിച്ചത് . ഈ ചെടിയുടെ തണ്ടു കൊണ്ട് പുരാതന മിസ്രയീമ്യർ ചെരിപ്പ്, കൊട്ട, ആയുധങ്ങൾ ഇവ നിർമ്മിച്ചിരുന്നു. ഈ പാപ്പിറസിൻ്റെ തണ്ടുകൾകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി കീലും പശയും തേച്ച് ഭദ്രമാക്കി.
നൈലിന്റെ തീരത്ത് അടിയുന്ന (Nile mud) പശമണ്ണും കീലും (Mineral Tar) കൂടിയ കുഴമ്പ് ഖനീഭവിച്ചാൽ വളരെ ധൃഢതയുള്ളതാണ്. യോഖേബോദ് എന്ന എബ്രായ അടിമ തൻ്റെ മകൻ്റെ രക്ഷയ്ക്കായി ഒരു പാപ്പിറസ് ബോട്ടു മെനഞ്ഞു.
സുപരിചിതമായ ആ ചുറ്റുപാടിൽ പലവട്ടത്തെ സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം മോശയെ കിടത്തിയ ആ ചെറിയ യാനപാത്രം നൈൽ നദിയിലെ ആഴങ്ങളിൽ ഉയർന്നു വളരുന്ന പാപ്പിറസ് ചെടിയുടെ ഇടയിൽ വച്ചു. സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി അബ്രഹാമിന്റെ ദൈവത്തിൻറെ മുഖത്തേക്ക് നോക്കി യോഖേബോദ് ഒരു നിമിഷം പ്രാർത്ഥിച്ചു.
” യഹോവേ രക്ഷിക്കേണമേ……..” നൈലിൻ്റെ ഓളങ്ങളിൽ പെട്ടകം ചലിക്കുവാൻ തുടങ്ങി.
കിഴക്ക് പ്രഭാതം ഉണർന്നു. പ്രഭാതത്തിലെ പള്ളി നീരാട്ടിനായി തെർമൂത്തീസ് രാജകുമാരി പരിവാരങ്ങളുമായി നദികടവിൽ എഴുന്നള്ളി. അരുണോദയത്തിലെ മഞ്ഞുതുള്ളികൾ മഴവിൽ ഉണ്ടാക്കുന്ന മനംകവരുന്ന കാഴ്ച ആസ്വദിക്കുവാൻ നദിക്കരയിൽ കൂടെ പതിവായി നടക്കുന്ന
തെർമുതീസിൻ്റെ കണ്ണുകൾ ഞാങ്ങണകളുടെ ഇടയിലെ ജല തരംഗങ്ങളിൽ ചാഞ്ചാടുന്ന കൊച്ചുപെട്ടകത്തിൽ ഉടക്കിനിന്നു. ആകാംക്ഷ കൽപ്പനാരൂപത്തിൽ പുറപ്പെട്ടു. ദാസിമാർ കൊണ്ടുവന്നു പെട്ടി തുറന്നു. കുമാരി അത്ഭുതം കൊണ്ട് കണ്ണുമിഴിച്ചുപോയി. അതിൽ കുഞ്ഞിക്കാലുകൾ ഇളക്കി മുഷ്ടിചുരുട്ടി പുഞ്ചിരിക്കുന്ന ഒരു എബ്രായ ആൺകുട്ടിയെ കണ്ട് രാജകുമാരി ആശ്ചര്യഭരിതയായി. അവൾക്ക് അവനോട് അലിവ് തോന്നി.ഏത് എബ്രായ ആൺകുഞ്ഞിനെയും നദിയിൽ എറിഞ്ഞു കളയണമെന്ന രാജകല്പന രാജകുമാരി തന്നെ ആദ്യം ലംഘിച്ചു.
ഫറവോൻ്റെ വാളിനെ ഭയക്കാതെ ആ കുടുംബം ഒരു വിടുതലിനു തുടക്കമിട്ടു. ആ ചെറിയ ആരംഭം വളർന്നു വലുതായി. ആശ്ചര്യം തന്നെ! മരണവിധി പുറപ്പെട്ട രാജകൊട്ടാരത്തിന്റെ അകത്തളങ്ങളിൽ മോശെ പിച്ചവച്ചു. ശത്രുവിന്റെ മെത്തയിൽ അവൻ നിർഭയനായി കിടന്നുറങ്ങി. ഒരിക്കൽ എബ്രായ സന്തതികളെ നിഗ്രഹിക്കുവാൻ ഗോശെൻ തെരുവുകളിൽ റോന്ത് ചുറ്റിയ രാജകിങ്കരന്മാർ തനിക്ക് കാവൽ നിന്നു. രാജകുമാരന്മാരും പ്രഭു പുത്രന്മാരും വിദ്യ അഭ്യസിക്കുന്ന സർവകലാശാലകളിൽ മോശെ പ്രഥമനായി. ജോസിഫസ് എന്ന ചരിത്രകാരൻ്റെ ലിഖിതങ്ങളിൽ മോശെ മിസ്രയീം സൈന്യത്തിൻ്റെ നായകനായി. അമ്മ രാജ്ഞിയുടെ കരംഗ്രസിച്ച് രഥങ്ങളിൽ യാത്രയായി. കായിക നിപുണതയിൽ അഭ്യാസിയായ മോശെ രാജകുടുംബാംഗങ്ങളിൽ ഒരു അസൂയ വിഷയമായി.
“ശിശു ദിവ്യസുന്ദരൻ എന്ന് അമ്മയപ്പന്മാർ കണ്ടു. ” ആ ഭാഗം ഞാൻ അറിയാതെ പിന്നെയും എൻറെ പേന കുറിച്ചു. ഒരു മാതാവിൻറെ ദർശനമാണ് ഒരു വലിയ സംഭവമായി വളർന്നത്. ഒട്ടും അനുകൂലമല്ലാത്ത ചുറ്റുപാടിൽ ഒരു മാതാവ് കാട്ടിയ സാഹസികത അഥവാ ധീരത ഒരു വലിയ ജനത്തിന്റെ രക്ഷയ്ക്ക് തുടക്കമായി.


















