ലേഖനം | തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടവ! | ജോസ് പ്രകാശ്

0 891

തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടവ!

Download ShalomBeats Radio 

Android App  | IOS App 

വിശുദ്ധ തിരുവെഴുത്തുകള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇഹലോക വാസം അവസാനിക്കുന്നതിന് മുമ്പ് ചില നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇഹത്തിലെ തിരഞ്ഞെടുപ്പ് വിവേകപൂര്‍വ്വമായാലെ പരത്തിലെ വാസം സന്തോഷ പൂര്‍ണ്ണമാകയുള്ളു.

നാം വിശുദ്ധരും നിഷ്‌കളങ്കരും ആയിത്തീര്‍ന്ന് ആത്മാവിന്റെ വിശുദ്ധീകരണത്താലും വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കേണ്ടതിനും, നിലനില്‍ക്കുന്ന ഫലം കായ്ച്ചു അവിടുത്തെ മാഹാത്മ്യത്തെ വര്‍ണിക്കുന്നതിനും വേണ്ടിയാണ് സ്‌നേഹവാനായ ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവില്‍ തെരഞ്ഞെടുത്തത്.

നമ്മുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് നമുക്ക് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. നമ്മുടെ മഹത്വം കൊണ്ടല്ല ദൈവകൃപയുടെ ബഹുത്വം കൊണ്ടാണ് നാം തിരഞ്ഞെടുക്കപ്പെട്ടത്. മാനുഷിക മാനദണ്ഡമനുസരിച്ചു നാം വിവേകശാലികളോ, സ്വാധീനമുള്ളവരോ, കുലീനരോ ആയിരുന്നില്ല. എങ്കിലും മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരവല്‍ക്കരിക്കാന്‍ അറിവില്ലാത്തവരും അശക്തരുമായിരുന്ന നമ്മെ ദൈവം തെരഞ്ഞെടുത്തു.

അതുകൊണ്ട് ആരെ അനുഗമിക്കണം അഥവാ ആരെ തെരഞ്ഞെടുക്കണം എന്നത് വിശ്വാസ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യമാണ്. ഒന്നിലധികം വസ്തുക്കളോ, വ്യക്തികളോ ഉള്ളപ്പോഴാണ് ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നത്. ഒന്നിനെ ഉപേക്ഷിച്ചാലെ മറ്റൊന്നിനെ തിരഞ്ഞെടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതായത് ജീവനുള്ളതിനെ തെരഞ്ഞെടുക്കുവാന്‍ ജീവനില്ലാത്തതിനെയും, അമൂല്യമായതിനെ നേടുവാന്‍ മൂല്യം കുറഞ്ഞതിനെയും ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം.

മനുഷ്യരാല്‍ മനുഷ്യര്‍ തെരഞ്ഞെടുക്കപ്പെടുന്നതല്ല, ദൈവത്താല്‍ മനുഷ്യര്‍ തെരഞ്ഞെടുക്കപ്പെട്ടതാണ് മഹിയിലെ മഹത്തായ കാര്യം. അതുകൊണ്ട് ”മനുഷ്യരെ നാം തിരഞ്ഞെടുക്കുന്നതോ അവര്‍ നമ്മെ തിരഞ്ഞെടുക്കുന്നതോ അല്ല പ്രധാനം പ്രത്യുത ദൈവത്താല്‍ നാം തിരഞ്ഞെടുക്കപ്പെട്ടുവോ എന്നതാണ് പരമപ്രധാനം’.

ഉലകത്തിലെ നേതാവിനെ തിരഞ്ഞെടുക്കുവാന്‍ ഉയരത്തിലെ രാജാവിനെ തിരസ്‌ക്കരിക്കുന്നതും, ജനാധിപത്യത്തെ പരിഗണിക്കുവാന്‍ ദൈവാധിപത്യത്തെ അവഗണിക്കുന്നതും അപകടകരമാണ്. നാം ലോകത്തിന്റെ അനുകാരികളല്ല ക്രിസ്തുവിന്റെ അനുഗാമികളാണ്. നാം ദൈരാജ്യത്തിന്റെ പ്രവര്‍ത്തകരും പ്രഘോഷകരുമാണ്.

താല്ക്കാലിക തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ശാരീരിക വളര്‍ച്ച മതിയാകും. എന്നാല്‍ നിത്യമായവ തിരഞ്ഞെടുക്കുവാന്‍ വിശ്വാസത്തില്‍ വളരണം. വിശ്വാസ വീരനായ മോശയുടെ ജീവിതത്തിലെ സുപ്രധാന തിരഞ്ഞെടുപ്പുകള്‍ അതിന് മകുടോദാഹരണമാണ്. ഫറവോന്റെ പുത്രിയുടെ മകനെന്ന പദവി ഉപേക്ഷിച്ച് ദൈവത്തിന്റെ മകനെന്ന ഭാഗ്യവും, പാപത്തെ ഉപേക്ഷിച്ച് ത്യാഗവും, നശ്വര സമ്പത്ത് ഉപേക്ഷിച്ച് ക്രിസ്തുവെന്ന ഉത്തമ സമ്പത്തും താന്‍ തിരഞ്ഞെടുത്തു.

ദൈവഭക്തരായി ജീവിച്ചാല്‍ നാം തിരഞ്ഞെടുക്കേണ്ട വഴിയും ദൈവം നമുക്ക് കാണിച്ചു തരും. എന്നാല്‍ വിനാശത്തിലേക്കുള്ള വിസ്തൃതമായ വഴി ഉപേക്ഷിച്ച് ജീവനിലേക്കുള്ള ഇടുങ്ങിയ വഴി വിവേകപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. ചുരുക്കത്തില്‍ നമുക്കിഷ്ടമുള്ളവയല്ല പ്രത്യുത ദൈവം കാട്ടിത്തരുന്നവയാണ് നാം തെരഞ്ഞെടുക്കേണ്ടത്. ആത്യന്തികമായി ദൈവേഷ്ടമാണ് വിശ്വാസ ജീവിതത്തിലെ തിരഞ്ഞെടുപ്പില്‍ നിറവേറ്റപ്പെടേണ്ടത്.

ആദിമ മാതാപിതാക്കളുടെ തെറ്റായ തിരഞ്ഞെടുപ്പ് നിത്യമരണത്തിനു കാരണമായെങ്കില്‍ നമ്മുടെ ശരിയായ തിരഞ്ഞെടുപ്പ് നിത്യജീവന്‍ പ്രാപിക്കുവാന്‍ കാരണമാകും.

അതിനാല്‍ ജീവനോ മരണമോ, സ്വര്‍ഗ്ഗമോ നരകമോ, ശിക്ഷയോ രക്ഷയോ? ഇവയില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.

ഈ യുഗാന്ത്യത്തില്‍ കൃപയാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ശേഷിപ്പില്‍ അംഗമാകുവാന്‍ ഭാഗ്യം ലഭിച്ച നമുക്ക് കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു വരവേല്‍പ്പ് ലഭിക്കേണ്ടതിനായി നമ്മുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാന്‍ അത്യധികം ഉത്സാഹിക്കാം.

You might also like
Comments
Loading...