വാർത്ത : ജോ ഐസക്ക് കുളങ്ങര
ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ് യു.കെ & ഇ.യു (മലയാളം സെക്ഷൻ)-ന്റെ 19-ാമത് വാർഷിക കോൺഫറൻസിന് അനുഗൃഹീത തുടക്കം.
“ഒരുക്കപ്പെട്ട മണവാട്ടി” എന്ന കോൺഫറൻസ് തീമിൽ വരുന്ന 2 ദിവസം നടക്കുന്ന കോൺഫറൻസിന് നാഷണൽ സെക്രട്ടറി റവ. ബിജു ചെറിയാൻ സ്വാഗതം അറിയിച്ചു.
“ഒരുക്കപ്പെട്ട സഭയ്ക്ക് ഉണ്ടായിരിക്കേണ്ട അഞ്ച് ആത്മീയ സവിശേഷതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. ജോ. കുര്യൻ സന്ദേശം നൽകുകയും കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കർത്താവിന്റെ വരവിനായി സഭ വിശുദ്ധിയോടെ ഒരുങ്ങുവാൻ സമയമായി എന്ന് റവ. എബി അയിരൂർ തന്റെ വചനശുശ്രൂഷയിലൂടെ ആഹ്വാനം ചെയ്തു.ഇവാഞ്ചലിസ്റ്റ് സോണി സി. ജോർജ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ലണ്ടനിലെ ഗിൽഡ്ഫോർഡിലുള്ള ക്രൈസ്റ്റ് ചർച്ച്, ലാർച്ച് അവന്യൂവിൽ വച്ച് നടക്കുന്ന ആനുവൽ കോൺഫറൻസ് യുകെയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ആദ്യദിനം തന്നെ ശ്രദ്ധേയമായി.
ശനിയാഴ്ച രാവിലെ 9.30-നും, ഉച്ചയ്ക്ക് 2 മണിക്കും, വൈകിട്ട് 5.30-നും പൊതുയോഗങ്ങൾ നടക്കും. വിവിധ സെഷനുകളിലായി യുവജന സമ്മേളനം, സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, സഹോദരി സമ്മേളനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
2025-ലെ സൺഡേ സ്കൂൾ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും കോൺഫറൻസിന്റെ ഭാഗമായി നടക്കും. ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്നു ദിവസത്തെ ആത്മീയ സമ്മേളനം സമാപിക്കും.


















