തിരുവല്ല: ജെൻ സി തലമുറയും മുൻ തലമുറകളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ “Connecting Gen Z – Building Bridges Across Generations” എന്ന വിഷയത്തിൽ ഓപ്പൺ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാത്രി 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിലാണ് സമ്മേളനം.
ജെൻ സി തലമുറ നേരിടുന്ന വെല്ലുവിളികൾ, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും, സാങ്കേതികവിദ്യയുടെ സ്വാധീനം, സാമൂഹികവും ആത്മീയവുമായ വിഷയങ്ങളോടുള്ള അവരുടെ പ്രതികരണം, കുടുംബത്തിലും സഭയിലും തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകത തുടങ്ങിയവ ചർച്ചയ്ക്ക് വിഷയമാകും.
ജെൻ സി തലമുറയെ കേവലം വിമർശനാത്മകമായി വിലയിരുത്തുകയല്ല, മറിച്ച് അവരുടെ ചിന്തകളെയും സാധ്യതകളെയും മനസ്സിലാക്കുകയും, മുൻ തലമുറകളുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ ഊർജവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ശാരോൻ സഭയുടെ റൈറ്റേഴ്സ് വിങ് ആയ ശാരോൻ റൈറ്റേഴ്സ് ഫോറമാണ് സംഘാടകർ. സഭയുടെ പ്രസിഡന്റ് ഇൻ ചാർജ് പാസ്റ്റർ വി. ജെ. തോമസ് ഉദ്ഘാടനം നിർവഹിക്കും. ഫോറം ചെയർമാൻ പാസ്റ്റർ സാം ടി. മുഖത്തല അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് മോഡറേറ്ററായിരിക്കും.
റവ. സാം കെ. ജേക്കബ്, ഡോ. മാത്യു വർഗീസ്, ഡോ. ടിങ്കു തോംസൻ, പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ, പാസ്റ്റർ ജെ. പി. വെണ്ണിക്കുളം, പാസ്റ്റർ കെ. ജെ. ജോബ്, ജെസ്സി കോശി ഉമ്മൻ, ഷർലറ്റ് പി. മാത്യു, ജിതിൻ എബ്രഹാം, തോമസ് വർഗീസ്, അക്സ സാം, അനുഗ്രഹ ബി. ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
പാസ്റ്റർമാരായ ജോബിസ് ജോസ്, ബ്ലെസൻ ജോർജ്, പ്രെയിസ് വർഗീസ്, ഗോഡ്സൻ സണ്ണി എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പുതിയ തലമുറയെ ആഴത്തിൽ മനസ്സിലാക്കാനും തലമുറകൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ രൂപപ്പെടുത്താനും ഈ സംവാദം സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചാ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.


















