ഈ ജീവിതം സന്തോഷിക്കുവാനുള്ളതല്ലേ?
അതേ ! ഓരോ ക്രിസ്ത്യാനിക്കും പ്രമാണത്തിന്റെ മതിലകത്തു നിന്ന് സന്തോഷിക്കുവാൻ ദൈവവചനം നമ്മെ ഉത്‌ബോധിപ്പിക്കുന്നു. ഭൗതിക നേട്ടങ്ങളുടെ വർണ്ണശബളിമയിൽ; അഭിവൃദ്ധിയുടെ ആഘോഷങ്ങളിൽ; ഭാഗ്യവശാൽ കൈവരുന്ന സുവർണ്ണ സമൃദ്ധിയിൽ, ധാന്യവും വീഞ്ഞും വർധിക്കുമ്പോഴുള്ള ആകസ്‌മിക കാന്തശക്തിയിൽ നാം എല്ലാം സന്തോഷിക്കുന്നുവെങ്കിൽ അവ തികച്ചും സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറവും അതിലധികവും ആത്മാവിൽ ഉത്ഭവിച്ചു, ശരീരത്തിൽ ഉത്തേജിപ്പിക്കപ്പെടുന്ന സന്തോഷമാണ് ശാശ്വതമായത്.
’ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അങ്ങ് എൻ്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു’ (സങ്കീ. 4) അതി നർത്ഥം ഭൗതിക നന്മകൾ നൽകുന്ന ആനന്ദത്തേക്കാൾ മറ്റൊന്ന് സ്വർഗ്ഗത്തിലേ ദൈവത്തിന് തൻ്റെ ഭക്തന്മാർക്ക് നൽകുവാൻ കഴിയും എന്നാണ്. മറ്റെല്ലാ സമ്പത്തും നാം കണ്ണു കൊണ്ട് കാണുന്നുവെങ്കിലും സ്വർഗ്ഗം തരുന്ന ചിലത് അദൃശ്യങ്ങളാണ്. തൊട്ടു നോക്കുവാൻ കഴിയുകയില്ല. പക്ഷെ അനുഭവിച്ചു അവയുടെ സാന്നിധ്യം നമുക്കറിയാം. ഗലാത്യസഭക്ക് എഴുതപ്പെട്ട ലേഖനത്തിൽ ആത്മാവിൻ്റെ ഫലം എന്ന നവഗുണങ്ങളുടെ പട്ടികയിൽ സന്തോഷത്തിന് ദ്വിതീയ സ്ഥാനമാണുള്ളത്. സ്നേഹം എന്ന വിശിഷ്ടതക്കൊപ്പം കരംപിടിച്ചെത്തുന്ന,തുള്ളി തുളുമ്പി വരുന്ന ശ്രേഷ്‌ഠമായ വികാരമാണ് സന്തോഷം.
അപ്പോസ്തലനായ പൗലോസ് ഫിലിപ്യ സഭയ്ക്ക് ലേഖനം എഴുതുമ്പോൾ താൻ റോമിലെ തടവറയിൽ ബന്ധനസ്ഥനാണ്. പതിനാറു പ്രാവശ്യം ആ ലേഖനത്തിൽ ആ ക്രിസ്‌തുഭക്തൻ സന്തോഷത്തെക്കുറിച്ച് പരാമർശിക്കുന്നു കാലിൽ ചങ്ങല, കൈകളിൽ വിലങ്ങ്, തടവറയ്ക്ക് മുമ്പിൽ കവാത്ത് നടത്തുന്ന റോമൻ പടയാളികൾ! തനിക്ക് ആകെ സ്വന്തമായത് ഒരു കമ്പിളിപുതപ്പും കുറേ ചർമ്മലിഖിതങ്ങളും. എന്നാൽ ലേഖനത്തിൽ നാം കാണുന്നു ‘എപ്പോഴും സന്തോഷിപ്പിൻ; കർത്താവിൽ ഏപ്പോഴും സന്തോഷിപ്പിൻ’ തടവറയുടെ തണുപ്പിൽ ഏകാന്തതയുടെ ഇരുമ്പഴികൾക്കുള്ളിൽ ലഭ്യമായ ആ അദൃശ്യ അനുഭവത്തിൻ്റെ പേരാണ് ‘ക്രിസ്ത്‌തിയ സന്തോഷം’. ലോകത്തിന് എടുക്കാൻ കഴിയാത്ത, ലോകത്തിന് തരുവാൻ കഴിയാത്ത അനുഭവങ്ങൾക്കായി നിത്യദാതാവിന് സ്‌തുതി.
’Smile always’ ആംഗലേയ ഭാഷയിൽ പാശ്ചാത്യർ നൽകുന്ന ഒരു ഉപദേശമാണത്. കേൾക്കാൻ കൊള്ളാം. പക്ഷെ അത് സ്വായത്തമാക്കണമെങ്കിൽ വദനങ്ങളിൽ മാത്രമല്ല ഹൃദയത്തിലും വേണം മാംസപേശിയുടെ ചലനങ്ങൾ. അതോ, ഈ കാണുന്നതിനേക്കാൾ മഹത്തായതാണു താനും. മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ, ബാബിലോണിലെ ഉദ്യാനഭംഗിയേക്കാൾ, ശൂശൻ രാജധാനിയിലെ വീഞ്ഞിനേക്കാൾ, കൈസരുടെ അരമനയിലെ നൃത്ത സോപനങ്ങളേക്കാൾ ശ്രേഷ്‌ഠമായ മറ്റൊന്ന്. ‘അതാണ് ആത്മീയ സന്തോഷം’
ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം. അതെ, ലോകം മുഴുവൻ ആശങ്കയിൽ നിറയുന്ന ഈ പ്രത്യേക സാഹചര്യത്തിലും ഇവിടെ ഇപ്പോൾ ലഭ്യമാണോ?
അതെ! എന്നാണ് അതിനുത്തരം. ചിലർക്കത് ലഭിച്ചു കഴിഞ്ഞു. മറ്റു ചിലർ അത് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. സൗജന്യമായി ഇന്ന് വിപണിയിൽ അത് ലഭ്യമാണ്. ‘കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ’. തടവറയുടെ തണുപ്പിൽ നിന്നും ഉയരുന്ന ആ ശബ്ദം അതാണ്. മൂലധനവും മേലാദായവും, നിക്ഷേപങ്ങളും ഇല്ലാത്തവൻ്റെ ഹൃദയത്തിൽ നിന്നും ഉതിരുന്ന ആഘോഷത്തിന്റെ മണിനാദം.


















